മുള്ളരിങ്ങാട് പ്രദേശത്തെ മുൾമുനയിലാക്കി കാട്ടാനകൾ
1545095
Thursday, April 24, 2025 10:44 PM IST
തൊടുപുഴ: പതിവായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മുള്ളരിങ്ങാട് നിവാസികളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളേറെയായെങ്കിലും ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നു പരിഹാരനടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. കാട്ടാനകൾ പതിവായി ജനവാസമേഖലയിൽ എത്തുന്നതോടെ ഇവിടെ ജനങ്ങളുടെ സ്വൈരജീവിതം താറുമാറായ നിലയിലാണ്. കഴിഞ്ഞ ദിവസം മുള്ളരിങ്ങാട് ജംഗ്ഷനു സമീപം വരെ കാട്ടാനയെത്തി. പ്രദേശത്തെ റോഡുകളിൽകൂടി സന്ധ്യ കഴിഞ്ഞാൽ സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു.
മുള്ളരിങ്ങാട് കാട്ടാന ശല്യം പതിവായി ഉണ്ടാകാറുണ്ടെങ്കിലും ഇവിടെ ആനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതോടെയാണ് ജനം കൂടുതൽ ഭീതിയിലായത്. കഴിഞ്ഞ ഡിസംബർ 29-നാണ് മുള്ളരിങ്ങാട് അമയൽതൊട്ടിയിൽ പാലിയത്ത് അമർ ഇബ്രാഹിം കാട്ടാന ആക്രമണത്തിൽ മരിച്ചത്. സുഹൃത്ത് മൻസൂറിനു പരിക്കേൽക്കുകയും ചെയ്തു. ഇതേത്തുടർന്ന് പ്രദേശത്ത് കാട്ടാന പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ മുള്ളരിങ്ങാട് കാട്ടാന പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചെങ്കിലും ഇതെല്ലാം പാഴ്വാക്കായി.
ഇരുപതോളം കാട്ടാനകൾ ഇപ്പോൾ പ്രദേശത്ത് തന്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ വൈദ്യുതിവേലി ഉൾപ്പെടെ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ആനകൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുകയാണ്. ഒട്ടേറെ യാത്രക്കാർ സഞ്ചരിക്കുന്ന ചാത്തമറ്റം - മുള്ളരിങ്ങാട് റൂട്ടിലും ആനകൾ ഇറങ്ങുന്നുണ്ട്.
കഴിഞ്ഞ ദിവസം ജോലി സ്ഥലത്തുനിന്നു വന്ന സ്കൂട്ടർ യാത്രക്കാരനെ ആനകൾ കൂട്ടത്തോടെ ആക്രമിക്കാൻ ശ്രമിച്ചു. ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനപ്പേടി മൂലം രാത്രിയാകുന്നതോടെ നാട്ടുകാർ വീടുകളിൽനിന്നു പുറത്തിറങ്ങാത്ത സാഹചര്യമാണ് നില നിൽക്കുന്നത്. പാതയോരങ്ങളിൽ തീ കൂട്ടിയും മറ്റുമാണ് ആനകളെ നാട്ടുകാർ പ്രതിരോധിച്ചിരുന്നതെങ്കിലും ഇവരും മടുത്ത് ഇതിൽനിന്നു പിൻവാങ്ങിയ നിലയിലാണ്. പ്രദേശത്ത് മൂന്നംഗ ആർആർടി സംഘമുണ്ടെങ്കിലും ഇവരുടെ പ്രവർത്തനവും കാര്യമായ പ്രയോജനം ചെയ്യുന്നില്ല.
കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചതിനെത്തുടർന്ന് ജനവാസമേഖലയിൽ ഫെൻസിംഗ് നിർമാണത്തിനായി പി.ജെ. ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 10 ലക്ഷം രൂപയും ഡീൻ കുര്യാക്കോസ് എംപി എട്ടു ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ എസ്റ്റിമേറ്റ് തയാറാക്കി ടെണ്ടർ ക്ഷണിക്കുന്ന നടപടികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. കഴിഞ്ഞ 21 നായിരുന്നു ടെണ്ടർ നൽകാനുള്ള അവസാന തിയതി. ഏഴു ലക്ഷം രൂപയാണ് ഒരു കിലോമീറ്റർ ഫെൻസിംഗ് നിർമിക്കാനായി സാധാരണ അനുവദിക്കുന്നത്. നിലവിൽ അനുവദിച്ചിരിക്കുന്ന ഫണ്ടുപയോഗിച്ച് രണ്ടരക്കിലോമീറ്റർ മാത്രമാണ് ഫെൻസിംഗ് സ്ഥാപിക്കാനാകുക. ഇതും എപ്പോൾ നടപ്പാക്കാനാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇതിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അമൽ ഇബ്രാഹിമിന്റെ കുടുംബത്തിന് അനുവദിച്ച പത്തു ലക്ഷം രൂപയിൽ ബാക്കി നൽകാനുള്ള ആറു ലക്ഷം രൂപ അടുത്ത ദിവസം ജില്ലയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.