തോരണം കെട്ടുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
1545091
Thursday, April 24, 2025 10:25 PM IST
ഉപ്പുതറ: പള്ളിപ്പെരുന്നാളിന് തോരണം കെട്ടുന്നതിനിടെ കാൽവഴുതി വീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. വളകോട് ചിറയിൽ യോഹന്നാന്റെ മകൻ മനോജ് (39) ആണ് മരിച്ചത്. വളകോട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിപ്പെരുന്നാളിന്റെ അലങ്കാര പണിയ്ക്കിടെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11നായിരുന്നു അപകടം.
തോരണം വലിച്ചു കെട്ടുന്നതിനിടെ പള്ളിയ്ക്ക് മുകളിൽനിന്ന് കാൽ വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മനോജിനെ ഒപ്പമുണ്ടായിരുന്നവർ ഉടൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ഉച്ചയ്ക്കു ഭവനത്തിലെത്തിക്കും. തുടർന്ന് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം അഞ്ചിന് വളകോട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. അമ്മ: അന്നമ്മ. സഹോദരങ്ങൾ: മഞ്ജു, ബിൻസി. മനോജിനുണ്ടായ അപകടത്തെ തുടർന്ന് പള്ളിപ്പെരുന്നാൾ മാറ്റിവച്ചു.