ജില്ലയിലെ പട്ടയ-കൈവശ ഭൂമികള്‍ വനമാക്കാന്‍ നീക്കം: ബിജോ മാണി
1545096
Thursday, April 24, 2025 10:44 PM IST
തൊടുപുഴ: ഇടുക്കിയിലെ പട്ടയ-കൈവശ ഭൂമികള്‍ പിടിച്ചെടുത്തു വനമാക്കാനാണ് തൊമ്മന്‍കുത്ത് നാരങ്ങാനത്തെ കൈവശ ഭൂമിയിലെ കുരിശ് വനംവകുപ്പധികൃതര്‍ പൊളിച്ചതെന്നു ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി പത്രസമ്മേളനത്തില്‍ ആരോപിച്ചു. വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയായിരുന്നു. ഇതിനുവേണ്ടിയാണ് കുരിശ് നിന്നിരുന്ന സ്ഥലമുള്‍പ്പെടെ വണ്ണപ്പുറം വില്ലേജിലെ 4,005 ഏക്കര്‍ വനഭൂമിയാണെന്നു വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ജില്ലയിലെ മലയോരമേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. തൊടുപുഴ റിസര്‍വില്‍ ഉള്‍പ്പെട്ട ഭൂമിയാണെന്നും ജോയിന്റ് വെരിഫിക്കേഷനില്‍ ഈ ഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്നുമാണ് കുരിശ് പൊളിച്ചതിനും പിന്നീട് ദു:ഖവെള്ളിയാഴ്ച കുരിശിന്റെ വഴി തടയാന്‍ ശ്രമിച്ചതിനും കാരണമായി വനംവകുപ്പ് പറഞ്ഞത്. ഈ വാദം തെറ്റാണെന്നു 2016 ജനുവരി ഒന്നിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ മിനിട്സും 2020-ല്‍ റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവും പരിശോധിച്ചാല്‍ വ്യക്തമാകും.
1902-ലാണ് തൊടുപുഴ റിസര്‍വ് വിജ്ഞാപനം ചെയ്തത്. ജില്ലയില്‍ ഇപ്പോഴുള്ള പട്ടയ കൈവശഭൂമികളെല്ലാം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വനമായിരുന്നു.
അതിനാല്‍ ഏതെങ്കിലും റിസര്‍വ് നോട്ടിഫിക്കേഷന്റെ ഭാഗവുമായിരുന്നു എല്ലാ സ്ഥലങ്ങളും. ഈ ഭൂമിയിലാണ് സര്‍ക്കാര്‍ വിവിധ പദ്ധതികളിലായി ജനങ്ങളെ കുടിയിരുത്തിയത്. 123 വര്‍ഷം മുന്‍പുള്ള വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ഭൂമിയാണെന്നാണ് കുരിശ് പൊളിച്ച സംഭവത്തെ ന്യായീകരിക്കാന്‍ വനം വകുപ്പ് നടത്തുന്ന ന്യായ വാദം. ഇതംഗീകരിച്ചാല്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വനഭൂമിയായിരുന്നതിന്റെ പേരില്‍ ജില്ലയിലെ ഏതൊരു പട്ടയ-കൈവശ ഭൂമിയിലും വനം വകുപ്പിന് അവകാശവാദ മുന്നയിക്കാന്‍ കഴിയും. ഇതു ഒരുകാരണവശാലും അംഗീകരിക്കാനാവില്ല.
തെറ്റായ റിപ്പോര്‍ട്ട് നല്കിയ വില്ലേജ് ഓഫീസര്‍ക്കെതിരെയും കൈവശഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത വനംവകുപ്പ് റേഞ്ച് ഓഫീസര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനം വകുപ്പ് തകര്‍ത്ത കുരിശ് അതേ സ്ഥാനത്ത് പുനഃസ്ഥാപിക്കാന്‍ തയാറാകണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു.
തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബ്, മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.