കുടുംബവഴക്ക്: മകൻ അമ്മയെ കോടാലിക്ക് മർദിച്ചു
1544853
Wednesday, April 23, 2025 11:57 PM IST
കട്ടപ്പന: കുടുംബവഴക്കിനെത്തുടര്‍ന്ന് വൃദ്ധയെ മകന് കോടാലി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. കട്ടപ്പന പാറക്കടവിലാണ് സംഭവം. കൊല്ലപ്പള്ളി കമലമ്മ (75)യ്ക്കാണ് പരിക്കേറ്റത്. കൈകാലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മകന് പ്രസാദിനെ (46) കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെയാണ് സംഭവം. കമലമ്മയും പ്രസാദും തമ്മില്‍ വര്‍ഷങ്ങളായി കുടുംബപ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് കട്ടപ്പന കോടതിയില്‍ കേസും നിലവിലുണ്ട്. കോടതിയുടെ നിര്‍ദേശാനുസരണം വീടിനുസമീപത്ത് ചെറിയ മുറി നിര്‍മിച്ച് ഇവിടെയാണ് കമലമ്മ താമസിച്ചുവന്നത്. കഴിഞ്ഞദിവസം കമലമ്മ പുറത്തേയ്ക്കുപോകുന്ന വഴിയില്‍ മകനും മരുമകളും കോഴിക്കൂട് സ്ഥാപിച്ചു.
ഇതോടെ കമലമ്മയുടെ യാത്രാമാര്‍ഗം തടസപ്പെട്ടു. ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രസാദ് കോടാലി ഉപയോഗിച്ച് കമലമ്മയെ ക്രൂരമായി മർദിക്കുകയായിരുന്നു. മര്‍ദനത്തില്‍ വൃദ്ധയുടെ കാല് ഒടിഞ്ഞു. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രസാദിനെതിരേ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ കുടുംബപ്രശ്നമുള്ളതായി നാട്ടുകാര്‍ പറയുന്നു. പ്രസാദിന്റെ ഭാര്യയും കമലമ്മയെ നിരന്തരമായി മർദിക്കുകയും ആക്ഷേപിക്കുകയും ചെയ്യുക പതിവായിരുന്നു നാട്ടുകാർ പറയുന്നു. കമലമ്മയുടെ ഭര്‍ത്താവ് ദിവാകരന് പശുത്തൊഴുത്തിന് സമീപത്ത് ഷെഡ്ഡിലാണ് താമസിക്കുന്നത്. പ്രസാദിനും ഇയാളുടെ ഭാര്യക്കുമെതിരേ നിരവധി ആരോപണങ്ങളാണ് ഉള്ളത്. കമലമ്മയുടെ മൊഴി രേഖപ്പെടുത്തിയ പ്രസാദിന്റെ ഭാര്യക്കെതിരേയും നടപടി ഉണ്ടാകും