കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1545090
Thursday, April 24, 2025 10:25 PM IST
തൊടുപുഴ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോരുത്തോട് മടുക്ക കോസടി വയലുങ്കല്‍ സുരേഷിന്റെ മകൻ വി.എസ്. ആകാശ് (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.15 ഓടെ കോലാനി - വെങ്ങല്ലൂര്‍ ബൈപാസിലായിരുന്നു അപകടം. സമീപത്തുള്ള ഓട്ടോജെറ്റ് കാര്‍വാഷ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആകാശ്.
പനിയായതിനാല്‍ ഇന്നലെ അവധിയിലായിരുന്ന ആകാശ് വെങ്ങല്ലൂര്‍ ഭാഗത്തേക്ക് പോയശേഷം തിരികെ സ്ഥാപനത്തിന് തൊട്ടടുത്തുള്ള താമസ സ്ഥലത്തേക്കു വരുന്നതിനിടെയായിരുന്നു അപകടം. കനത്ത മഴയിൽ എതിരേ വന്ന കാറില്‍ ഇടിച്ച ബൈക്ക് മണക്കാട് സ്വദേശി സഞ്ചരിച്ച സ്കൂട്ടറിലും ഇടിച്ചു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ആകാശിനെ ഉടൻ വെങ്ങല്ലൂരുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അമ്മ: സുമ കുമാരി. സഹോദരൻ: അശ്വിൻ. തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.