മൂന്നാർ പുഷ്പമേള മേയ് ഒന്നിന് തുടങ്ങും
1544847
Wednesday, April 23, 2025 11:57 PM IST
മൂന്നാർ: മൂന്നാർ പുഷ്പമേള മേയ് ഒന്നു മുതൽ 10വരെ നടക്കും. ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഗവ. ബൊട്ടാണിക്കൽ ഗാർഡനിലാണ് സഞ്ചാരികൾക്ക് വർണവിസ്മയ കാഴ്ചയൊരുക്കി പുഷ്പമേള ഒരുങ്ങുന്നത്.
അവധിക്കാലത്ത് മൂന്നാറിലെത്തുന്ന സന്ദർശകരെ ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. പുഷ്പമേളയ്ക്കു പുറമേ മ്യൂസിക്കൽ ഫൗണ്ടൻ, ഭക്ഷ്യമേള, സെൽഫി പോയിന്റ്, കലാപരിപാടികൾ, വിപണനമേള എന്നിവയും നടത്തും.
ജമന്തി, മാരിഗോൾഡ്, ഡയാന്റിസ്, വിട്രോണി, പുത്തിൻ സെത്തിയ, ക്രിസാന്തിസം, ഹിഗോണി, സലേഷ്യ, വിങ്ക തുടങ്ങിയ പതിവു ഇനം പൂക്കൾക്കൊപ്പം വൈവിധ്യമാർന്ന നാനൂറിലധികം പൂക്കൾ മേളയുടെ ആകർഷണമാണ്.
വിദേശത്തുനിന്ന് എത്തിക്കുന്ന അലീസിയ, റോസ്, ഓർക്കിഡ്, ആന്തൂറിയം എന്നിവയും പ്രദർശനത്തിനുണ്ടാവും. ഒരു ദിവസം രണ്ടു തവണയാണ് മ്യൂസിക്കൽ ഫൗണ്ടൻ ഉണ്ടാവുക. വൈകുന്നേരം ആറു മുതൽ കലാപരിപാടികളും അരങ്ങേറും.