അറക്കുളത്ത് വൈദ്യുതി ബോർഡിന്റെ എബിസി കേബിൾ പദ്ധതിക്ക് തുടക്കം
1544289
Monday, April 21, 2025 11:59 PM IST
മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ വൈദ്യുതി ബോർഡിന്റെ എബിസി കേബിൾ പദ്ധതിക്ക് തുടക്കമായി. കേബിളിലൂടെ വൈദ്യുതി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. എൽടി ലൈനുകൾ കേബിൾ വഴിയാക്കുന്ന സിഎംയു പദ്ധതിയും എച്ച്ടി ലൈനുകൾ കേബിൾവഴിയാക്കുന്ന ആർഡിഎസ് പദ്ധതിയുമാണ് നടപ്പാക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ഫണ്ടുപയോഗിച്ച് സംസ്ഥാന വൈദ്യുതി ബോർഡാണ് കേബിൾ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എകെജി ഭാഗം, സെന്റ് ജോർജ് സ്കൂൾ ജംഗ്ഷൻ, അശോകജംഗ്ഷൻ, ജ്യോതി ഭവൻ ഭാഗം, കുളമാവ് എന്നിവിടങ്ങളിലെ എൽടി ലൈനുകളാണ് ഏരിയൽ ബണ്ടിൽഡ് കേബിളുകളിലൂടെ പരിവർത്തനം ചെയ്യുന്നത്.
കുളമാവ്, ഇലപ്പിള്ളി, മുട്ടം, ഇടാട് തുടങ്ങിയ പ്രദേശങ്ങളിലെ ഹൈടെൻഷൻ ലൈനുകളാണ് എബിസി കേബിളുകളിലേക്ക് മാറ്റുന്നത്. നിലവിൽ വൈദ്യുതി പോസ്റ്റുകളിലൂടെ വൈദ്യുതി വിതരണം ചെയ്യുന്നതുവഴിയുള്ള അപകടങ്ങൾ കുറയ്ക്കുക, പ്രസരണനഷ്ടം ഒഴിവാക്കുക, അറ്റകുറ്റപ്പണികൾക്കും മറ്റുമായി വരുന്ന വലിയ ചെലവില്ലാതാക്കുക, വൈദ്യുതി ലൈനുകളിൽ ജോലി ചെയ്യുന്പോൾ ഷോക്കടിച്ചും മറ്റും ജീവനക്കാർക്കുണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കുക, മഴക്കാലത്ത് മരംവീണുണ്ടാകുന്നവൈദ്യുതി തടസം ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഏരിയൽ ബണ്ടിൽഡ് കേബിൾ പദ്ധതി നടപ്പാക്കുന്നത്.
രണ്ടാംഘട്ടത്തിൽ കൂടുതൽ പ്രദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ജില്ലയിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും എബിസി കേബിൾ പദ്ധതിക്ക് തുടക്കംകുറിച്ചിട്ടുണ്ട്.