39-ാം വർഷവും മലയാറ്റൂരിലേക്ക് കാൽനടയായി മന്ത്രി റോഷി
1543729
Sunday, April 20, 2025 1:04 AM IST
തൊടുപുഴ: വലിയ നോന്പിനു സമാപനം കുറിച്ച് ആത്മവിശുദ്ധീകരണത്തിന്റെയും വിശ്വാസ ചൈതന്യത്തിന്റെയും പാതയിൽ കുരിശിന്റെ വഴിയുമായി മന്ത്രി റോഷി അഗസ്റ്റിനും സംഘവും 39-ാം വർഷവും മലയാറ്റൂർ മലയിലേക്ക് തീർഥാടനം നടത്തി.
പെസഹാവ്യാഴാഴ്ച രാത്രി പാലാ ചക്കാന്പുഴ തറവാട്ട് വീട്ടിൽനിന്നു പതിവുതെറ്റിക്കാതെ പെസഹ ഭക്ഷിച്ച ശേഷമായിരുന്നു മലയാറ്റൂരിലേക്ക് കാൽനട തീർഥാടനം ആരംഭിച്ചത്.
രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം വഴി 80 കിലോമീറ്റർ സഞ്ചരിച്ച് മലയാറ്റൂർ മലയടിവാരത്തിൽ എത്തി. മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസഫ് ഒഴിവുക്കാടൻ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.
തുടർന്നായിരുന്നു മലകയറ്റം. ജോമോൻ പൊടിപാറ, ടോമി തീവള്ളി തുടങ്ങിയവരും മന്ത്രിയോടൊപ്പം എല്ലാ വർഷവും കാൽനട തീർഥാടനത്തിൽ പങ്കുചേരാറുണ്ട്.