കാട്ടാനകൾ നേന്ത്രവാഴത്തോട്ടം നശിപ്പിച്ചു
1543743
Sunday, April 20, 2025 1:04 AM IST
വണ്ണപ്പുറം: കാട്ടാനക്കൂട്ടം വാഴത്തോട്ടം നശിപ്പിച്ചു. കഴിഞ്ഞ ദിവസം മുള്ളരിങ്ങാട് പെരുന്പുഴയിൽ ജോർജിന്റെ 300 ഓളം നേന്ത്രവാഴകളാണ് കാട്ടാനകൾ ഒറ്റ രാത്രിയിൽ തകർത്തത്. അടുത്ത ഓണത്തിന് വിളവെടുക്കാനുള്ള കൃഷിയാണ് കാട്ടാനകൾ തകർത്തെറിഞ്ഞത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ കർഷകന് ഉണ്ടായത്.
ജോർജിന്റെ മുന്നൂറോളം വാഴയ്ക്കു പുറമെ 70 ഓളം കൊക്കോയും , 50 റബർ തൈകളും ആനകൾ ചവിട്ടി നശിപ്പിച്ചു. രാത്രി 12 ഓടെയാണ് കാട്ടാന കൃഷിയിടത്തിൽ എത്തിയത്. തുടർന്ന് ഇവർ പടക്കം പൊട്ടിച്ചും മറ്റും ആനകളെ തുരത്തി. എന്നാൽ ഒരു മണിക്കൂറിനു ശേഷം വീണ്ടും കാട്ടാനകൾ കൂട്ടത്തോടെയെത്തി കൃഷികൾ നശിപ്പിക്കുകയായിരുന്നു.