പ്രളയത്തിൽ തകർന്ന പ്രധാന പാലങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലേക്ക്
1544006
Sunday, April 20, 2025 11:30 PM IST
കൂട്ടിക്കൽ: 2021 ഒക്ടോബർ 16നുണ്ടായ മഹാപ്രളയത്തിൽ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലായി വ്യാപക നാശനഷ്ടമാണുണ്ടായത്. മേഖലയിലെ ചെറുതും വലുതുമായ നിരവധി പാലങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പാലങ്ങളായ ഏന്തയാർ ഈസ്റ്റ്, ഇളങ്കാട് പാലങ്ങളുടെ നിർമാണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കൊക്കയാർ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു.
കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. 4.7 കോടി രൂപ മുടക്കിയാണ് പുതിയ പാലം നിർമിക്കുന്നത്. ഇനി അപ്രോച്ച് റോഡിന്റെയും സംരക്ഷണഭിത്തികളുടെയും നിർമാണമാണ് പൂർത്തിയാകാനുള്ളത്.
പ്രളയത്തിൽ തകർന്ന ഇളങ്കാട് ടൗണിലെ കലുങ്കിനു പകരം 2.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ കോൺക്രീറ്റിംഗും പൂർത്തിയായി. സംരക്ഷണഭിത്തികളുടെയും അപോച്ച് റോഡിന്റെയും നിർമാണമാണ് ഇനിയുള്ളത്. വളരെ വേഗത്തിൽ രണ്ടു പാലങ്ങളും തുറന്നു കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം പറഞ്ഞു.
പ്രളയത്തിൽ തകർന്ന മറ്റൊരു പ്രധാന പാലമാണ് കൊക്കയാർ പാലം. നാലുകോടി 53 ലക്ഷം രൂപ മുടക്കി പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. തൂണുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.