കല്ലാറില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്ന കെട്ടിടം പൂർത്തിയാക്കണമെന്ന്
1543742
Sunday, April 20, 2025 1:04 AM IST
അടിമാലി: അടിമാലി കല്ലാറിലെ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തുടര്‍ ജോലികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായി. 2018ലെ പ്രളയത്തില്‍ ബലക്ഷയം സംഭവിച്ചതിനെത്തുടര്ന്നായിരുന്നു കല്ലാറില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ദേശീയപാതയോരത്ത് താഴത്തെ കല്ലാറിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടി അറുപത് ലക്ഷം രൂപയും പള്ളിവാസല്‍ പഞ്ചായത്തിന്റെ 37 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. ബലക്ഷയം വന്ന കെട്ടിടം പൊളിച്ചുനീക്കി മണ്‍ജോലികള്‍ നടത്തി.കെട്ടിടത്തിന്റെ ഒരു ഭാഗത്തെ സ്ട്രക്ച്ചർ ജോലികള്‍ പൂര്‍ത്തീകരിച്ചു. ശേഷിക്കുന്ന തുടര്ജോലികള്കൂടി വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യമാണുയരുന്നത്. നിലവില്‍ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ദേശീയപാതയോരത്ത് തന്നെയുള്ള പരിമിതമായ സൗകര്യമുള്ള കെട്ടിടത്തിലാണ്.