ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും
1543733
Sunday, April 20, 2025 1:04 AM IST
അടിമാലി: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും നടത്തും. അടിമാലിയില്‍ ഹരിതകേരളം മിഷന് യുഎന്‍ഡിപി പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്.
ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും അവബോധം കുട്ടികളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പഠനോത്സവവും ക്വിസ് മത്സരവും നടത്തുന്നത്.
25ന് ബ്ലോക്കുതലത്തിലും 29ന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ച് മേയ് 16 മുതല്‍ മൂന്നു ദിവസം അടിമാലിയിലും മൂന്നാറിലുമായി പഠനോത്സവ ക്യാമ്പ് നടത്തും. 7, 8, 9 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഹരിതകേരളം മിഷന് ജില്ലാ ഓഫീസുകള്‍ വഴിയും റിസോഴ്സ് പേഴ്സണ്‍മാര്‍ വഴിയും മത്സരത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാനാവും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ രജിസ്ട്രേഷന് നടത്താം.
പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ച് ഇന്ററാക്റ്റീവ് രീതിയിലാണ് ക്വിസ് മത്സരം. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ക്വിസ് മത്സരത്തിലും പഠനോത്സവ ക്യാമ്പിലും പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള താമസവും ഭക്ഷണവും സൗജന്യമായിരിക്കും.