വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
1544009
Sunday, April 20, 2025 11:30 PM IST
പീരുമേട്: വയനാട്ടിൽ വിവാഹച്ചടങ്ങിൽ സംബന്ധിച്ച് തിരികെ വരികയായിരുന്ന കുടുംബത്തിലെ അഞ്ചംഗസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് അപകടം. വണ്ടിപ്പെരിയാർ പഴയ പാമ്പനാറിനു സമീപം വാഹനം നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.
വളക്കടവ് ചപ്പാത്ത് ഭൂതക്കുറിഞ്ഞിയിൽ വീട്ടിൽ നവാസ് (50), ഭാര്യ ഫാത്തിമ (45), ഇവരുടെ കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഫാത്തിമയുടെ കാലിനു പരിക്കേറ്റു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാമ്പനാർ പെട്രോൾ പമ്പ് കഴിഞ്ഞപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോവുകയും റോഡരികിൽ സ്ഥാപിച്ചിരുന്ന ദിശാബോർഡിലേക്ക് വാഹനം ഇടിച്ചുകയറുകയുമായിരുന്നു. നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ കുമളിക്കും കുട്ടിക്കാനത്തിനും ഇടയിൽ ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് ആറു വാഹനാപകടങ്ങളാണ് ഉണ്ടായത്.