ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായ്ക്ക് ആവേശോജ്വല സ്വീകരണം
1544285
Monday, April 21, 2025 11:59 PM IST
അടിമാലി: യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവക്ക് അടിമാലിയടക്കം വിവിധ കേന്ദ്രങ്ങളില്‍ വിശ്വാസി സമൂഹം ആവേശോജ്ജ്വലമായ സ്വീകരണം നൽകി. കാതോലിക്കാബാവാ യായി ചുമതലയേറ്റശേഷം ആദ്യമായാണ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ ജില്ലയില്‍ എത്തുന്നത്.
വാളറ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി ജംഗ്ഷനില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിശ്വാസികള്‍ ബാവായെ സ്വീകരിച്ചാനയിച്ചു. രണ്ടോടെ ബാവാ അടിമാലി മൗണ്ട് സെഹിയോന്‍ അരമന പള്ളിയില്‍ എത്തി.
സ്വീകരണ യോഗത്തില്‍ യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ.ഏലിയാസ് മാര്‍ അത്താനാസിയോസ് അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തി.
എല്‍ദോസ് കൂറ്റപ്പാല കോര്‍ എപ്പിസ്കോപ്പ ഭക്തി പ്രമേയം അവതരിപ്പിച്ചു.സാമൂഹിക, സാമുദായിക, രാഷ്ട്രീയ, വ്യാപാര മേഖലകളിലെയാളുകള് ബാവായെ അനുമോദിക്കാന്‍ മൗണ്ട് സെഹിയോന്‍ അരമന പള്ളിയില്‍ എത്തിയിരുന്നു.രാജാക്കാട്, രാജകുമാരി, മുരിക്കുംതൊട്ടി എന്നിവിടങ്ങളിലും ബാവായ്ക്ക് സ്വീകരണം നൽകി.