സ്കൂളിൽ പോകാൻ പാലത്തിനായി നാലാം ക്ലാസുകാരി കളക്ടർക്ക് കത്തയച്ചു
1543436
Thursday, April 17, 2025 11:45 PM IST
ഉപ്പുതറ: ഒരു പാലത്തിനായി ഒരു നാലാം ക്ലാസുകാരി ജില്ലാ കളക്ടർക്ക് എഴുതിയ കത്ത് വൈറലായി. -കളക്ടർ ആന്റി, എന്റെ പേര് അനുശ്രീ അനുരാജ്, ഉപ്പുതറ ഒഎംഎൽപി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്നു, ഇനി അഞ്ചാം ക്ലാസിലേക്കാണ്. ഉപ്പുതറ പഞ്ചായത്തിലെ 12-ാം വാർഡ് പത്തേക്കർ എന്ന സ്ഥലത്താണ് താമസിക്കുന്നത്.
ഞാനും എന്റെ അനുജനും എന്റെ കൂട്ടുകാരും സ്കൂളിൽ പോകുന്നതു പേടിച്ചാണ്. കാരണം വീട്ടിൽനിന്ന് സ്കൂൾ ബസ് കയറാൻ ഒരു പാലം കയറണം. അതു മൂന്നു വർഷം മുൻപ് ഉണ്ടായ മഴയിൽ പൊളിഞ്ഞു പോയി. ഇപ്പോൾ ഇവിടെ ഉള്ള മാമൻമാർ ചേർന്ന് ഒരു ചെറിയ തടിപ്പാലം ഇട്ടിട്ടുണ്ട്, പക്ഷേ, അത് എപ്പോൾ വേണമെങ്കിലും താഴെ വീഴും എന്ന അവസ്ഥയിലാണ്. ജൂണിൽ സ്കൂൾ തുറക്കുമ്പോൾ ഞങ്ങൾക്ക് പേടി ഇല്ലാതെ പോകാൻ ഒരു പാലം നിർമിച്ചു തരാമോ, ... ഇതാണ് ഉപ്പുതറ പത്തേക്കർ സന്ധ്യാ ഭവനിൽ അനുരാജിന്റെയും ഗീതുവിന്റെയും മകൾ അനുശ്രീ എഴുതിയ കത്ത്. കളക്ടറുടെ പരാതി സെല്ലിന് ബുധനാഴ്ചയാണ് അനുശ്രീ കത്തയച്ചത്. അടുത്ത സ്കൂൾ വർഷത്തിനു മുൻപ് പുതിയ പാലം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അനുശ്രീ.
2000 ഓഗസ്റ്റിലുണ്ടായ കനത്ത മഴയിലാണ് പത്തേക്കർ പഞ്ചാരംപടിയിലെ പാലം ഒലിച്ചു പോയത്. ഇതോടെ നൂറോളം കുടുംബങ്ങളുടെ വാഹന യാത്ര മുടങ്ങി. ഉടൻ പാലം പണിയുമെന്ന് സ്ഥലം സന്ദർശിച്ച എംഎൽഎ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എല്ലാവരും വാഗ്ദാനം നൽകി മടങ്ങി. ഒന്നും നടന്നില്ല. കാട്ടുകമ്പുകൾ ഉപയോഗിച്ച് നാട്ടുകാർ തടിപ്പാലം നിർമിച്ച് അതിനു മുകളിലൂടെയാണ് ഇപ്പോൾ തോട് മുറിച്ചു കടക്കുന്നത്.
തോട്ടിൽ വെള്ളം ഉയരുമ്പോൾ പാലം ഒലിച്ചു പോകാറുമുണ്ട്. നാലുവർഷം കഴിഞ്ഞിട്ടും ശാശ്വതമായ പരിഹാരമുണ്ടാക്കാൻ അധികൃതർക്കായില്ല. പാലം തകർന്ന നാൾ മുതൽ വാഗ്ദാനങ്ങൾ കേട്ടുമടുത്ത നാട്ടുകാർക്ക് ഇപ്പോൾ കളക്ടർക്ക് അനുശ്രീ എഴുതിയ കത്തിൽ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയാണ്.