പെസഹാ ദിനത്തിൽ അപ്രതീക്ഷിത വൈദ്യുതി മുടക്കം: കെഎസ്ഇബി ഒാഫീസ് ഉപരോധിച്ചു
1543435
Thursday, April 17, 2025 11:45 PM IST
കട്ടപ്പന: പെസഹാ ദിനത്തിൽ വൈദ്യുതി വിച്ഛേദിച്ചതിനെതിരേ കെഎസ്ഇബി ഓഫീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. വേണ്ടവിധത്തിലുള്ള മുന്നറിയിപ്പ് നൽകാതെയാണ് ഉദ്യോഗസ്ഥർ കട്ടപ്പന സബ്സ്റ്റേഷന്റെ പരിധിയിലുള്ള വൈദ്യുതി വിച്ഛേദിച്ചത്.
വ്യാഴാഴ്ച രാവിലെ ഒൻപതിനാണ് കട്ടപ്പന സബ് ഡിവിഷന്റെ കീഴിലെ വിവിധ മേഖലകളിൽ വൈദ്യുതി വിച്ഛേദിച്ചത്. ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് രാവിലെ 8.45നാണ് വൈദ്യുതി തടസപ്പെടുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ വന്നത്.
തുടർന്ന് 15 മിനിറ്റിനുള്ളിൽ കട്ടപ്പന നഗരത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. ഇതോടെ വിവിധ മേഖലകളിൽനിന്ന് പ്രതിഷേധവും ശക്തമായി. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒാഫീസിനു മുന്നിൽ ഉപരോധം നടത്തി. പെസഹാ ദിനത്തിൽ ക്രൈസ്തവ സമൂഹത്തോട് വിവേചനപരമായ നടപടിയാണ് കെഎസ്ഇബി കാണിച്ചതെന്ന് നേതാക്കൾ ആരോപിച്ചു.
വേനൽമഴയിൽ കട്ടപ്പന സബ്സ്റ്റേഷനിൽ ഉണ്ടായ തകരാറാണ് വൈദ്യുതി മുടക്കത്തിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഉപരോധത്തിനിടെ കെഎസ്ഇബി ജീവനക്കാരെ അടക്കം തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതോടെ കട്ടപ്പന പോലീസും സ്ഥലത്തെത്തി. മുടങ്ങിയ വൈദ്യുതി വിതരണം മുഴുവൻ മേഖലയിലും പുനഃസ്ഥാപിക്കുന്നതുവരെ നേതാക്കൾ സമരം തുടർന്നു.