ലഹരി നാടിന്റെ സമാധാനം തകർക്കുന്നു: മാർ ജോണ് നെല്ലിക്കുന്നേൽ
1544010
Sunday, April 20, 2025 11:30 PM IST
തോപ്രാംകുടി: ലഹരിയുടെ വ്യാപനം നാട്ടിൽ സമാധാനം തകർക്കുന്നെന്ന് ഇടുക്കി മെത്രാൻ മാർ ജോണ് നെല്ലിക്കുന്നേൽ. തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ഈസ്റ്റർ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഈസ്റ്റർ പ്രത്യാശയുടെയും സമാധാനത്തിന്റെയും തിരുനാളാണ്. ഉത്ഥാനം ചെയ്ത ക്രിസ്തു എല്ലാവർക്കും സമാധാനമാണ് ആശംസിച്ചത്. എങ്ങും അസമാധാനം വർധിക്കുന്ന വാർത്തകളാണ് ഇന്ന് പുറത്തുവരുന്നത്.
ഈ കാലഘട്ടത്തിൽ വർധിച്ചുവരുന്ന അസമാധാനത്തിന്റെ പ്രധാന കാരണം ലഹരിയാണ്. അതിന്റെ ഉപയോഗവും വിപണനവും ക്രമാനുഗതമായി വർധിച്ചു. ഭാവിയുടെ പ്രതീക്ഷയായ യുവജനങ്ങളും കൗമാരക്കാരും ഇതിന്റെ ഭാഗമാകുന്നു.
കുടുംബങ്ങളിലും സമൂഹത്തിലുമെല്ലാം ഇത് കലഹവും അസമാധാനവും സൃഷ്ടിക്കുകയാണ്. യഥാർഥത്തിൽ ജീവിതത്തിൽ സമാധാനവും പ്രത്യാശയും സമാധാനവും പ്രധാനം ചെയ്യുന്ന ദൈവത്തിൽനിന്ന് അകലുന്നവരാണ് ഇത്തരത്തിൽ അസമാധാനത്തിന്റെ വാഹകരായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ദൈവവിചാരവും ദൈവാശ്രയബോധവും വളർത്താൻ ഏവരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈസ്റ്റർ തിരുക്കർമങ്ങൾക്കു ശേഷം ഇടുക്കി രൂപത ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ബിഷപ് പതാക ഉയർത്തി. ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ. മാത്യു പുതുപറന്പിൽ, ഫാ. അമൽ മണിമലക്കുന്നേൽ, ഫാ. അമൽ താണോലിൽ, ഫാ. പ്രിൻസ് പുളിയാങ്കൽ എന്നിവർ സഹകാർമികരായിരുന്നു. നൂറുകണക്കിന് വിശ്വാസികൾ തിരുക്കർമങ്ങളിൽ പങ്കെടുത്തു.
രൂപതയിലെ എല്ലാ പള്ളികളിലും വിപുലമായ ആഘോഷങ്ങളും പ്രത്യേക പ്രാർഥനകളും നടന്നു.