മാർപാപ്പയെ കണ്ടതിന്റെ ഓർമകളുമായി പി.ജെ. ജോസഫ്
1544282
Monday, April 21, 2025 11:59 PM IST
തൊടുപുഴ: ഫ്രാൻസിസ് മാർപാപ്പയെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയതിന്റെ ഓർമകൾ മനസിൽനിന്നു മായുന്നില്ലെന്ന് കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽവച്ചായിരുന്നു മാർപാപ്പയെ കണ്ടത്.
2014ൽ ചാവറയച്ചനെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്പോഴാണ് ഈ അസുലഭ അവസരം ലഭിച്ചത്. അന്നു രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പ്രഫ. പി.ജെ. കുര്യനും ഒപ്പമുണ്ടായിരുന്നു. നേരത്തേ ജോണ് പോൾ രണ്ടാമൻ മാർപാപ്പയെ കോട്ടയത്തു വന്നപ്പോഴും ഇതിനു പുറമെ റോമിൽ ചെന്നപ്പോഴും നിരവധിത്തവണ നേരിൽ കാണുന്നതിനും സംസാരിക്കുന്നതിനും അവസരം ലഭിച്ചിരുന്നു.
ഫ്രാൻസിസ് മാർപാപ്പയെ ഒരുതവണ മാത്രമാണ് കാണാനായത്. അതു വലിയ ഭാഗ്യമായി കരുതുന്നു. തന്റെ ജീവിതത്തിലും പ്രസംഗത്തിലും എഴുത്തിലുമെല്ലാം മറ്റുള്ളവരോടുള്ള കരുണയും കരുതലും അദ്ദേഹം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ ദ നെയിം ഓഫ് ഗോഡ് ഈസ് മേഴ്സി എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്. മാർപാപ്പയുടെ ജീവിതവീക്ഷണങ്ങൾ ക്രൈസ്തവിശ്വാസികൾക്ക് മാത്രമല്ല ലോകത്താകമാനമുള്ളവർക്ക് പാഠപുസ്തകമാണ്. എളിമയും വിനയവും പാവങ്ങളോടും നിന്ദിതരോടും കരുണകാണിക്കണമെന്ന സന്ദേശവുമാണ് അദ്ദേഹം നൽകിയ ഏറ്റവും വലിയ സംഭാവന.
ഫ്രാൻസിസ് മാർപാപ്പയെ നേരിൽകാണാനും അനുഗ്രഹം വാങ്ങാനും അദ്ദേഹം എത്തുന്ന സ്ഥലങ്ങളിലെല്ലാം വൻജനാവലി തടിച്ചുകൂടിയിരുന്നു. അദ്ദേഹത്തിന്റെ ആശീർവാദം ഏറ്റുവാങ്ങാൻ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ആയിരങ്ങൾ എത്തുന്നത് പതിവ് കാഴ്ചയാണ്. വലിപ്പച്ചെറുപ്പമില്ലാതെ ആരുടെ അരികിലേക്കും ചെല്ലുന്ന പാപ്പായെയാണ് റോമിൽ കാണാനായതെന്നും പി.ജെ.ജോസഫ് അനുസ്മരിച്ചു.