ഈസ്റ്റർ ലില്ലികൾ പൂവിട്ട ഹിൽസ്റ്റേഷനുകൾ
1544011
Sunday, April 20, 2025 11:30 PM IST
മറയൂർ: വേനൽക്കാല സഞ്ചാരികളുടെ മനം കവർന്ന് ഈസ്റ്റർ ലില്ലികൾ പൂവിട്ടു. വെള്ള, പിങ്ക്, ഓറഞ്ച്, പർപ്പിൾ, ക്രീം നിറങ്ങളിൽ പലപ്പോഴും കാണപ്പെടുന്ന ട്രംപറ്റ് ആകൃതിയിലുള്ള പൂക്കൾ, മൂന്നാറിലെ 114 വർഷം പഴക്കമുള്ള മനോഹരമായ സിഎസ്ഐ പള്ളിയുടെ പരിസരവും മറയൂർ - മൂന്നാർ വഴിയിലെ തലയാർ സിഎസ്ഐ പള്ളിയുടെ ഭാഗവും കീഴടക്കിയിരിക്കുന്ന കാഴ്ചയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
ബൈബിളിൽ പോലും അഭിമാനകരമായ സ്ഥാനമുള്ള ഈസ്റ്റർ ലില്ലി ചെടികൾ മൂന്നാറിൽ നട്ടുപിടിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. സിഎസ്ഐ പള്ളിയിൽ കാണപ്പെടുന്നവ ’പിങ്ക് ബെല്ലഡോണ’ ഇനത്തിൽ പെട്ടവയാണ്, ഇത് നോന്പുകാലത്തിന്റെ അവസാനം ഈസ്റ്ററിൽ വ്യാപകമായി വിരിയുന്നു. അവ ആത്മീയതയുടെയും സമാധാനത്തിന്റെയും പ്രതീകമായും കണക്കാക്കപ്പെടുന്നു.
ബാർബഡോസ് ലില്ലി, കൊക്കൊവാ ലില്ലിഎന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം ഏപ്രിൽ മേയ് മാസങ്ങളിലാണ് സാധാരണയായി പൂക്കാറുള്ളത്. ഈസ്റ്റർ ലില്ലി റോസ് ലില്ലി, മഴലില്ലി, മേയ് ഫ്ളവർ എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഒരു അലങ്കാരച്ചെടിയാണ്. പതിനഞ്ച് മുതൽ ഇരുപത്തഞ്ച് സെൻറിമീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടിയ്ക്ക് നെല്ലോലകളോട് സാമ്യമുള്ളതും നീണ്ട് മിനുസമാർന്നതുമായ പച്ച ഇലകളാണുള്ളത്. ഉള്ളിക്ക് സമാനമായ കാണ്ഡം ഭൂമിയിൽ ഒളിപ്പിച്ച് കാത്തിരിക്കുന്ന ലില്ലി, വേനൽമഴ ലഭ്യമാകുന്നതോടെ മുളകൾ പൊട്ടി പുറത്തേക്ക് വരും. വൻ കൂട്ടമായാണ് സാധാരണ ഈ ചെടി കാണപ്പെടുന്നത്. അലങ്കാരച്ചെടികളിൽ ഇതിനെ അതിനിവേശ സസ്യമായും കണക്കാക്കപ്പെടുന്നു.