പൈപ്പു പൊട്ടി കുടിവെളളം നിലച്ചു: കൃഷിയിടം തകർന്നു
1544008
Sunday, April 20, 2025 11:30 PM IST
തൊടുപുഴ: വാട്ടർ അഥോറിറ്റിയുടെ അനാസ്ഥ മൂലം ആയിരത്തോളം കുടുംബങ്ങളുടെ കുടിവെളളം മുടങ്ങി. ജലവിതരണ പൈപ്പു പൊട്ടി മലവെള്ളം പോലെ വെള്ളപ്പാച്ചിലുണ്ടായതോടെ കൃഷിയിടം തകർന്നു വൻനാശം സംഭവിച്ചു. ഇടവെട്ടി പഴയ പോസ്റ്റ് ഓഫീസ്-തെക്കുംഭാഗം റോഡിലാണ് വാട്ടർ അഥോറിറ്റി ടാങ്കിന് സമീപം വെളളിയാഴ്ച വലിയ ശബ്ദത്തോടെ പൈപ്പ് പൊട്ടിയത്. റോഡിലെ ടൈൽ പതിച്ച ഭാഗത്തിന് അടിയിലുളള കൽക്കെട്ടിലൂടെ പോയിരുന്ന ഇടവെട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പാണ് പൊട്ടി വെള്ളം പാഞ്ഞൊഴുകിയത്. ഇതോടെ കൃഷിയിടത്തിൽ വലിയ വിളളൽ രൂപപ്പെട്ടു.
കുപ്പശേരിൽ കബീറിന്റെ സ്ഥലത്താണ് പൈപ്പു പൊട്ടി നാശ നഷ്ടമുണ്ടായത്. കബീറിന്റെ പരാതിയെ തുടർന്ന് വാട്ടർ അഥോറിറ്റി ജലവിതരണം നിലച്ചിരിക്കുകയാണ്. ഇതോടെ ഇടവെട്ടി, മാർത്തോമ, ഇടവെട്ടിച്ചിറ, നടയം, ശാസ്താംപാറ, തൊണ്ടിക്കുഴ മേഖലകളിലെ ആയിരത്തോളം വീടുകളിൽ ശുദ്ധജലം ലഭ്യമല്ലാതായി.
കിണറുകളില്ലാത്തതിനാൽ ഇവിടത്തെ ഭൂരിഭാഗം വീടുകളിലും ശുദ്ധജലത്തിന് ആശ്രയിക്കുന്നത് വാട്ടർ അഥോറിറ്റിയുടെ ജലവിതരണത്തെയാണ്്. വിവരമറിഞ്ഞ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്മൽഖാൻ അസീസ് സ്ഥലത്ത് എത്തി. തുടർച്ചയായി അവധി വന്നതിനാൽ അറ്റകുറ്റപ്പണിക്ക് സംവിധാനമില്ലെന്നും സാമഗ്രികൾ എറണാകുളത്ത് നിന്നും എത്തിച്ച ശേഷം തിങ്കളാഴ്ച ജോലി ആരംഭിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇപ്പോഴത്തെ അവസ്ഥയിൽ ജലവിതരണം പുനഃസ്ഥാപിക്കാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കുമെന്നാണ് സൂചന.
കരാറുകാർക്ക്
നൽകാനുള്ളത് കോടികൾ
വാട്ടർ അഥോറിറ്റിയുടെ അറ്റകുറ്റപ്പണികൾ കരാർ ഏറ്റെടുത്തു നടത്തുന്ന കോണ്ട്രാക്ടർമാർക്ക് കുടിശികയായി ലഭിക്കാനുള്ളത് കോടികൾ. കഴിഞ്ഞ 18 മാസത്തോളം ചെയ്ത ജോലികളുടെ തുക ഇവർക്ക് വാട്ടർ അഥോറിറ്റിയിൽ നിന്നും ലഭിക്കാനുണ്ട്. ഇതു മൂലം പുതുതായി കരാർ ഏറ്റെടുക്കാൻ ഇവർ മടിക്കുകയാണ്. അറ്റകുറ്റപ്പണികൾ നടത്താനുള്ള നിർമാണ സാമഗ്രികൾ വാട്ടർ അഥോറിറ്റിയിൽ നിന്നും ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ 19 മാസത്തെ പ്രതിഫലം കുടിശികയായി ലഭിക്കാനുള്ളപ്പോൾ സർക്കാർ ആകെ അനുവദിച്ചത് ഒരു മാസത്തെ തുക മാത്രമാണ്. സംസ്ഥാനത്താകെ വാട്ടർ അഥോറിറ്റി കരാറുകാർക്ക് 200 കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന് ഇവർ പറയുന്നു.
ഇടുക്കിയിൽ മാത്രം 10 കോടിയോളും വരും. ജില്ലയിൽ ഇരുപതോളം കരാറുകാരാണുള്ളത്. ഇവർക്ക് കീഴിൽ നൂറോളം തൊഴിലാളികളും ജോലിയെടുക്കുന്നുണ്ട്. കരാറുകാർ കൈയിൽ നിന്നും പണം മുടക്കിയാണ് നിർമാണ സാമഗ്രികൾ വാങ്ങുന്നതും തൊഴിലാളികൾക്ക് വേതനം നൽകുന്നത്. പലരും കടക്കെണിയിലുമാണ്.
ഈ സാഹചര്യത്തിലാണ് കരാറുകാർ പുതിയ ടെണ്ടറുകൾ ഏറ്റെടുക്കാൻ മടി കാണിക്കുന്നത്. ഇതിനിടെ പൈപ്പ് പൊട്ടിയത് അറ്റകുറ്റപ്പണി നടത്തുന്നതു മൂലം പൊതുമരാമത്ത് കേസെടുക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
പലപ്പോഴും അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് വകുപ്പിന്റെ അനുമതി തേടാറുണ്ടെങ്കിലും ഇത് ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട്. കുടിവെള്ളം നിലയ്ക്കാതിരിക്കാൻ അടിയന്തര പ്രാധാന്യത്തോടെ ജോലി ചെയ്യുന്നതു മൂലം പിഡബ്ല്യുഡി കരാറുകാർക്കെതിരേ കേസെടുക്കുന്നത് പതിവാണെന്നും ഇവർ പറയുന്നു.