ഈസ്റ്റർ ദിനത്തിൽ തിരക്കിലമർന്ന് വാഗമൺ
1544007
Sunday, April 20, 2025 11:30 PM IST
ഉപ്പുതറ: ഈസ്റ്റർ ദിനത്തിൽ തിരക്കിലേറി വാഗമൺ. ഒരാഴ്ചയായി വാഗമൺ, സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞു. താമസിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥ. പതിവിൽ കവിഞ്ഞ സഞ്ചാരികളാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. മധ്യവേനൽ അവധി തീരുംവരെ തിരക്കുണ്ടാകുമെന്നാണ് സൂചന.
വാഗമൺ, കുട്ടിക്കാനം, പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു.വാഗമൺ ഒഴികെയുള്ള ഇടങ്ങളിൽ വന്നു പോകുന്ന സഞ്ചാരികളുടെ എണ്ണത്തിലാണ് വർദ്ധനയുള്ളത്. വാഗമണ്ണിലെ ഹോട്ടലുകളും റിസോർട്ടുകളും ഹോം സ്റ്റേകളും നിറഞ്ഞുകവിഞ്ഞു. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്.
വാഗമണ്ണിലും പരുന്തുംപാറയിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ചൂടു കൂടുതലായത് സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വാഗമണ്ണിലെ മൊട്ടക്കുന്നുകൾ, അഡ്വഞ്ചർ പാർക്ക്, കണ്ണാടിപ്പാലം, പൈൻ ഫോറസ്റ്റ്, പാലൊഴുകുംപാറ, തങ്ങൾപ്പാറ, കുരിശുമല, മുരുകൻമല, തേയിലത്തോട്ടങ്ങൾ, കുട്ടിക്കാനം പള്ളിക്കുന്നിലെ ബ്രിട്ടീഷ് ദേവാലയം, ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയ വനംവകുപ്പിന്റെ പെെൻ ഗാർഡൻ, പരുന്തുംപാറയിലെ വ്യൂ പോയിന്റ്, വോക് വേ തുടങ്ങിയ കേന്ദ്രങ്ങളിലാണ് തിരക്ക് ഏറെ അനുഭവപ്പെടുന്നത്.
അഡ്വഞ്ചർ പാർക്കിൽ സാഹസിക വിനോദങ്ങളായ സ്കൈ സെക്കിൾ, ഗ്ലാസ് ബ്രിഡ്ജ്, 3 ഡി മൂവി തുടങ്ങിയവയിലും തിരക്ക് വർധിച്ചിട്ടുണ്ട്.