രണ്ടാഴ്ചയ്ക്കിടെ ജില്ല സന്ദർശിച്ചത് രണ്ടു ലക്ഷം ടൂറിസ്റ്റുകൾ
1543745
Sunday, April 20, 2025 1:04 AM IST
തൊടുപുഴ: അവധിദിനങ്ങൾ ആഘോഷിക്കാൻ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ വലിയ ഒഴുക്ക്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ മധ്യവേനലവധിക്കായി അടച്ചതോടെയാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചത്. വിഷു, ഈസ്റ്റർ പ്രമാണിച്ച് സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ആയിരങ്ങളാണ് ജില്ലയിലേക്ക് എത്തുന്നത്. കുടുംബസമേതം അവധി ആഘോഷിക്കാനെത്തുന്നവരാണ് കൂടുതൽ പേരും. വരുംദിവസങ്ങളിലും സഞ്ചാരികളുടെ പ്രവാഹം കണക്കിലെടുത്ത് പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഡിടിപിസിയുടെയും പോലീസിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു മുതൽ 18വരെ 1,91,489 പേരാണ് ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൂടുതൽ പേർ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. 27, 269 പേർ ഈ ദിവസം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. വിഷുവിന് തലേദിവസവും റിക്കാർഡ് സന്ദർശകരാണ് എത്തിയത്. 23,044 പേർ അന്നേ ദിവസം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അവധി ആഘോഷിക്കാനെത്തി.
വാഗമണ്‍ അഡ്വഞ്ചർ പാർക്കിലാണ് കൂടുൽ സഞ്ചാരികളെത്തിയത്. ഇവിടെ 14 ദിവസത്തിനിടെ 61,995 പേരാണ് എത്തിയത്. വാഗമണ്‍ മൊട്ടക്കുന്നിൽ 49,670 പേർ സന്ദർശനം നടത്തി. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, രാമക്കൽമേട് എന്നിവിടങ്ങളിലും കൂടുതൽ സഞ്ചാരികളെത്തി.
ബൊട്ടാണിക്കൽ ഗാർഡനിൽ 29,149 പേരും രാമക്കൽമേട്ടിൽ 14,288 പേരും സന്ദർശനം നടത്തി. പാഞ്ചാലിമേട്, ഇടുക്കി ഹിൽവ്യു പാർക്ക്, ശ്രീനാരായണപുരം, അരുവിക്കുഴി, മാട്ടുപ്പെട്ടി, ആമപ്പാറ എന്നിവിടങ്ങളിലും ഒട്ടേറെപ്പേർ സന്ദർശനം നടത്തി. ഇതിനു പുറമെ പരുന്തുംപാറ, കാൽവരിമൗണ്ട്, അഞ്ചുരുളി, മലങ്കര ഡാം, തൊമ്മൻകുത്ത് എന്നിവിടങ്ങളിലും സന്ദർശകർ കൂടുതലായി എത്തുന്നുണ്ട്.
അവധിയാഘോഷം മുൻനിർത്തി ഡിടിപിസിയുടെ നേതൃത്വത്തിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ആവശ്യമായ ക്രമീകരണങ്ങളും മുൻകരുതൽ നടപടികളും ഏർപ്പെടുത്തിയതായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു. ശക്തമായ ഇടിയും മിന്നലുമുള്ള വേനൽമഴ ലഭിക്കുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉച്ചയ്ക്കുശേഷം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഓഫ് റോഡ് യാത്രയ്ക്കും നിയന്ത്രണമുണ്ട്.
വാഹനങ്ങൾ കൂടുതൽ എത്തുന്നതിനാൽ പോലീസിന്റെ നേതൃത്വത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പാർക്കിംഗിനും ആവശ്യമായ ക്രമീകരണങ്ങളും നടത്തിവരുന്നുണ്ട്. കൂടുതൽ വാഹനങ്ങളെത്തിയതോടെ അടിമാലി -മൂന്നാർ റോഡ്, കുമളി- തേക്കടി റോഡ്, കോട്ടയം-വാഗമണ്‍-ഏലപ്പാറ റോഡ്, കാഞ്ഞാർ-പുള്ളിക്കാനം റോഡ് തുടങ്ങിയ പാതകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്.
അവധി ആഘോഷമാക്കാൻ അന്യസംസ്ഥാനങ്ങളിൽനിന്നടക്കം സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചതോടെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിംഗ് വർധിച്ചു. മാസങ്ങൾക്കു മുന്‍പു തന്നെ പ്രധാന ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും മുറികളെല്ലാം ബുക്ക് ചെയ്യപ്പെട്ടിരുന്നു. ഫോണ്‍ മുഖാന്തിരവും ഓണ്‍ലൈൻ വഴിയുമായിരുന്നു ബുക്കിംഗുകൾ. സംസ്ഥാനത്തെ ലഹരി ഒഴുക്കിന് തടയിടാനുള്ള സർക്കാർ നടപടികളുടെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വാഹന പരിശോധനയും മറ്റും കർശനമാക്കിയിട്ടുണ്ട്. മേഖലകളിൽ പോലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണവും ശക്തമാക്കി.