തിരക്കിലമർന്ന് ഈസ്റ്റർ വിപണി
1543744
Sunday, April 20, 2025 1:04 AM IST
തൊടുപുഴ: തിരക്കിലമർന്ന് ജില്ലയിലെ ഈസ്റ്റർ വിപണി. ഉയിർപ്പ് തിരുനാൾ ആഘോഷിക്കാൻ ആളുകൾ കൂട്ടത്തോടെ ഇറങ്ങിയതോടെ ഇന്നലെ മത്സ്യ-മാംസ വിപണികൾ സജീവമായി. കടകൾക്കു മുന്നിൽ രാവിലെ തുടങ്ങിയ തിരക്ക് ഉച്ചകഴിയുംവരെ നീണ്ടുനിന്നു. തൊടുപുഴ ഉൾപ്പെടെ പ്രധാന ടൗണുകളിൽ ഗതാഗതത്തിരക്കും അനുഭവപ്പെട്ടു.
ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 115 - 120 രൂപ നിരക്കിലായിരുന്നു ഇന്നലെ ജില്ലയിലെ വിൽപ്പന. പതിവിനു വിപരീതമായി ഇറച്ചിക്കോഴി വില മുൻ ദിവസത്തേക്കാൾ കുറഞ്ഞതായാണ് വിൽപ്പനക്കാർ പറയുന്നത്.
കഴിഞ്ഞ ഈസ്റ്റർ സീസണിൽ വില 150ന് മുകളിലായിരുന്നു. നാടൻ കോഴിക്ക് കിലോയ്ക്ക് 200- 220 രൂപ എന്ന നിരക്കിലായിരുന്നു ഇന്നലെ വിൽപ്പന നടന്നത്.
എന്നാൽ, ഏറ്റവുമധികം വിൽപ്പന നടക്കുന്ന ബീഫിന് ഈസ്റ്റർ തിരക്ക് മുതലെടുത്ത് പലയിടങ്ങളിലും അമിതവില ഈടാക്കിയതായി പരാതിയുണ്ട്. കിലോയ്ക്ക് 380 മുതൽ 450 രൂപ വരെയാണ് ബീഫിനു വിൽപ്പനക്കാർ ഈടാക്കിയത്. പന്നിയിറച്ചിക്കു കിലോയ്ക്ക് 380 രൂപയായിരുന്നു.
മത്സ്യവിപണിയിൽ പല ഇനങ്ങൾക്കും വില ഉയർന്നെങ്കിലും ഈസ്റ്ററിനോടനുബന്ധിച്ച് ഇന്നലെ മത്സ്യം വാങ്ങാനും ഏറെ തിരക്ക് അനുഭവപ്പെട്ടു.