അറുനൂറോളം വിവാഹങ്ങൾക്ക് കാർമികനായി ജനപ്രതിനിധി
1544016
Sunday, April 20, 2025 11:30 PM IST
വെള്ളിയാമറ്റം: വിവാഹം ഉൾപ്പെടെ അറുനൂറോളം മംഗള കർമങ്ങൾക്ക് കാർമികത്വം വഹിച്ച പൂച്ചപ്ര വരിക്കപ്ലായ്ക്കൽ കൃഷ്ണൻ എന്ന എഴുപത്തഞ്ചുകാരൻ വെള്ളിയാമറ്റം പഞ്ചായത്തിന്റെ സ്വന്തം ജനപ്രതിനിധി. ഇടുക്കി ജില്ലയിലും പുറത്തുമായി നടത്തിയ അറുനൂറോളം ഗോത്ര വർഗ വിവാഹങ്ങൾക്ക് കാർമികനായിരുന്നു വെള്ളിയാമറ്റം പഞ്ചായത്തംഗമായ കൃഷ്ണൻ. ജനപ്രതിനിധിയായപ്പോഴും ഇപ്പോഴും ഗോത്രവർഗ ചടങ്ങുകൾക്ക് കൃഷ്ണന്റെ സാന്നിധ്യം ഉറപ്പാണ്.
പൂച്ചപ്രയിലെ പരന്പരാഗത ഗോത്ര വർഗ കുടുംബത്തിലെ അംഗമാണ് കൃഷ്ണൻ. പിതാവ് കൊച്ചും പൂജാരിയായിരുന്നു. അദ്ദേഹത്തിൽനിന്നാണ് കൃഷ്ണനും പൂജാവിധികൾ സ്വായത്തമാക്കിയത്.
23-ാം വയസിൽ ആദിവാസി ക്ഷേത്രങ്ങളിലും വീടുകളിലും പൂജാ കർമങ്ങൾ ചെയ്തുതുടങ്ങി. ഉടുന്പന്നൂർ മൂലേക്കാട് കളരി ആശാനായും പൂജാരിയുമായാണ് തുടക്കം. വൈകാതെ വിവാഹചടങ്ങുകൾക്കും കാർമികനായി. പൂച്ചപ്ര സ്വദേശി ചേലയ്ക്കാപാറ രാജന്റെയും രമണിയുടേയും വിവാഹത്തിനാണ് ആദ്യം കാർമികത്വം വഹിച്ചത്.
പിന്നീട് പതിവായി വിവാഹങ്ങൾക്ക് കാർമികത്വം വഹിച്ചുതുടങ്ങി. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ വിവാഹങ്ങൾക്കും കൃഷ്ണനെ തിരക്കി ആളുകളെത്തി. ഇപ്പോൾ ഗോത്രവർഗ ഗ്രാമങ്ങളിൽ വിവാഹങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും കൃഷ്ണന് തിരക്കിന് കുറവില്ല. ഇതിനു പുറമേയാണ് പൊതുപ്രവർത്തന രംഗത്തും സജീവമായി പ്രവർത്തിച്ചു വരുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി 13-ാം വാർഡിൽ നിന്ന് വിജയിച്ചു. ജനപ്രതിനിധിയുടെ തിരക്കു കൂടിയായതോടെ എല്ലാവരും ക്ഷണിക്കുന്ന ചടങ്ങുകളിൽ ഓടിയെത്താൻ സാധിക്കുന്നില്ലെന്ന വിഷമമുണ്ടെന്ന് കൃഷ്ണൻ പറയുന്നു.