തുന്പച്ചി കുരിശുമലയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ
1543730
Sunday, April 20, 2025 1:04 AM IST
അറക്കുളം: കാൽവരിയിലെ മഹാത്യാഗത്തിന്റെ സ്മരണ പുതുക്കി ആയിരങ്ങൾ പ്രകൃതിരമണീയമായ തുന്പച്ചി കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി. രാവിലെ ആറിന് സെന്റ് മേരീസ് പുത്തൻ പള്ളിയിൽ ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾക്കുശേഷം എട്ടിന് അശോക കവലയിൽനിന്ന് ഇടുക്കി റോഡിലൂടെ തുന്പച്ചി മലയിലേക്ക് ഭക്തിനിർഭരമായ കുരിശിന്റെ വഴി നടന്നു.
സമാപന പ്രാർഥനയ്ക്കുശേഷം എംഎസ്ടി ഡയറക്ടർ ജനറൽ ഫാ. വിൻസെന്റ് കദളിക്കാട്ടിൽ പുത്തൻപുര പീഡാനുഭവ സന്ദേശം നൽകി. രാവിലെ മുതൽ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് വിശ്വാസികൾ കുരിശുമലയിലേക്ക് ഒഴുകിയെത്തി.
കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. മലമുകളിൽ നേർച്ചക്കഞ്ഞി വിതരണവും നടത്തി. ശുശ്രൂഷകൾക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ. മൈക്കിൾ കിഴക്കേപ്പറന്പിൽ, സഹവികാരി ഫാ. ജോർജ് ഞാറ്റുതൊട്ടിയിൽ, ഡീക്കൻ ജസ്റ്റിൻ കൂട്ടുങ്കൽ, കൈക്കാരന്മാരായ ബേബി ഐക്കരമറ്റം, ജോയി കുളത്തിനാൽ, ജോമോൻ മൈലാടൂർ, ഷിന്ദു കുളത്തിനാൽ, വിവിധ സംഘടനാ ഭാരവാഹികൾ, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.