ആലുവ-മൂന്നാർ രാജപാത അട്ടിമറിക്ക് സർക്കാർ ശ്രമം: ഡീൻ കുര്യാക്കോസ് എംപി
1543741
Sunday, April 20, 2025 1:04 AM IST
കോതമംഗലം: പഴയ ആലുവ - മൂന്നാർ രാജപാത അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതായി ഡീൻ കുര്യാക്കോസ് എംപി. തുടർ നടപടികൾക്കായി വനം വകുപ്പ് തന്നെ അന്വേഷണ സമിതിയെ നിയോഗിച്ചതിൽ എന്ത് പ്രയോജനമാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ പോലും കള്ളക്കേസെടുത്ത് ജനകീയ ആവശ്യം സന്പൂർണമായി നിരാകരിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ എന്ത് തീരുമാനമാണ് എടുക്കുകയെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പഴയ രാജപാത സംബന്ധിച്ച് പ്രിൻസിപ്പൽ കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ നൽകുന്ന റിപ്പോർട്ടിന് ആസ്പദമായി തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം.
കേസ് പിൻവലിക്കുമെന്ന് പറഞ്ഞത് ശക്തമായ സാമൂഹ്യ സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിലാണ്. ഈ സാഹചര്യത്തിൽ പദ്ധതി അട്ടിമറിക്കുന്നതിനുള്ള ഗൂഢനീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുക്കുന്നതെന്നും തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി.