വെള്ളിത്തിരയിൽ വീണ്ടും തൊടുപുഴയുടെ അഴക്
1544012
Sunday, April 20, 2025 11:30 PM IST
തൊടുപുഴ: സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനായി മാറിയ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും ഇടവേളക്ക് ശേഷം വീണ്ടും മലയാള സിനിമ സംഘങ്ങൾ എത്തുന്നു. ടൊവിനോ തോമസ് നായകനാകുന്ന നവാഗത സംവിധായകന്റെ ചിത്രം, ധ്യാൻ ശ്രീനിവാസൻ നായകനായി അനൂഷ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങിയവയുടെ ചിത്രീകരണങ്ങൾ അടുത്ത ദിവസങ്ങളിലായി തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും ആരംഭിക്കും. ഏതാനും നാളുകൾക്കു മുന്‍പാണ് തരുണ്‍മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ-ശോഭന ജോഡികളുടെ തുടരും എന്ന ചിത്രം തൊടുപുഴ, ഇളംദേശം എന്നിവിടങ്ങളിൽ പൂർത്തിയായത്. ചിത്രം അടുത്ത ദിവസം പൂർത്തിയാകും.
അതിമനോഹര കാഴ്ചകൾ സമ്മാനിയ്ക്കുന്ന കുടയത്തൂർ, വയനക്കാവ് പ്രദേശങ്ങളിൽ ടൊവിനോ തോമസ് ചിത്രത്തിന്റെ സെറ്റ് നിർമാണം പുരോഗമിക്കുകയാണ്.
സെറ്റിന്റെ ജോലികൾ പൂർത്തിയായാൽ ചിത്രീകരണം ആരംഭിക്കും. പ്രമുഖ നടീനടൻമാരുടെയും സംവിധായകരുടെയും നവാഗതരുടെയും ഉൾപ്പെടെ മറ്റ് നിരവധി പുതിയ ചിത്രങ്ങളുടെ പ്രധാന ലൊക്കേഷനായി തൊടുപുഴ മാറുകയാണ്. ഇതിന്റെയെല്ലാം ചിത്രീകരണങ്ങളുടെ ലൊക്കേഷൻ പ്രധാനമായും തൊടുപുഴ നഗരവും സമീപ നാട്ടിന്പുറങ്ങളുമാണ്.
ജോണ്‍ പോളിന്റെ തിരക്കഥയിൽ ജേസി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായി 1990 -ൽ തിയറ്ററുകളിൽ എത്തിയ പുറപ്പാട് സിനിമക്ക് ശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞാണ് തൊടുപുഴയും സമീപ പ്രദേശങ്ങളിലേക്കും സിനിമക്കാർ എത്തിത്തുടങ്ങി യത്. വിനയന്റെ സംവിധാനത്തിൽ കലാഭവൻ മണി, പ്രവീണ, കാവേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1999 ൽ റിലീസായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷമാണ് തൊടുപുഴയും സമീപ പ്രദേശങ്ങളും സിനിമാക്കാരുടെ ഭാഗ്യ ലൊക്കേഷനായി മാറിയത്.
രസതന്ത്രം, ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങൾ, വജ്രം, സ്വപ്നസഞ്ചാരി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഓംശാന്തി ഓശാന, കുഞ്ഞിക്കുനൻ, വെള്ളത്തൂവൽ, ടു തൗസൻഡ് ഏയ്റ്റീൻ, സലാം കശ്മീർ, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, സ്വപ്നം കൊണ്ട് തുലാ ഭാരം, ആട് രണ്ട്, മേരിക്കുണ്ടൊരു കുഞ്ഞാട്, അനുഗൃഹീതൻ ആന്റണി, എൽസമ്മ എന്ന ആണ്‍കുട്ടി, വെള്ളിമൂങ്ങ, മിന്നൽമുരളി തുടങ്ങിയ ഹിറ്റും മെഗാ ഹിറ്റുകളും ഉൾപ്പെടെ 250ൽ പരം ചിത്രങ്ങളാണ് തൊടുപുഴയുടെ മനോഹാരിത ഒപ്പിയെടുത്തത്. കൂടാതെ കമലഹാസൻ നായകനായ ദൃശ്യം സിനിമയുടെ തമിഴ് പതിപ്പ് പാപ നാശവും ഇവിടെയാണ് ചിത്രീകരിച്ചത്.
മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും അന്താരാഷ്ട വിമാനത്താവളമായ കൊച്ചിയിൽ നിന്നും ഒന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാമെന്നതും പ്രമുഖനടൻമാർക്കു പോലും താമസിക്കാനുള്ള ഉന്നത നിലവാരത്തിലുള്ള റിസോർട്ടുകളും ഹോട്ടലുകളും സിനിമാക്കാരെ ഇവിടേക്കാകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
വൻ നഗരങ്ങളെ അപേക്ഷിച്ച് ചിത്രീകരണ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ കിട്ടുമെന്നതും നാട്ടുകാരുടെ സഹകരണവും മറ്റൊരു ആകർഷണമാണ്.