പള്ളിവാസൽ പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതികള്‍ ശ്രദ്ധേയമാകുന്നു
1543739
Sunday, April 20, 2025 1:04 AM IST
അടിമാലി: മൂന്നാറിന്റെ പ്രവേശന കവാടമായ പള്ളിവാസല്‍ പഞ്ചായത്തിൽ നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതികൾ ശ്രദ്ധേയമാകുന്നു. വിനോദസഞ്ചാരികളെക്കൂടി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതികള്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നാല് ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളാണ് പഞ്ചായത്തിൽ പൂർത്തിയാക്കുന്നത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തന സജ്ജമായി. ഒരെണ്ണത്തിന്റെ നിര്‍മാണം പൂർത്തിയായി. മറ്റൊരെണ്ണത്തിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ എട്ടു മുതൽ 13വരെ നടന്ന നാഷണല്‍ കോണ്‍ക്ലേവില്‍ സംസ്ഥാനത്തെ മികച്ച മാതൃകയില്‍ ടേക്ക് എ ബ്രേക്ക് കേന്ദ്രം നിര്‍മിച്ച പഞ്ചായത്ത് എന്ന അംഗീകാരം ലഭിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ്കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന്റെ മാതൃകയില്‍ രണ്ടാംമൈലില്‍ പണികഴിപ്പിച്ചിട്ടുള്ള വിശ്രമ കേന്ദ്രമാണ് ഏറെ ശ്രദ്ധേയം. ശുചിത്വ മിഷന്റെ ഫണ്ടും പഞ്ചായത്തിന്റെ തനത് ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. മൂന്നാറില്‍ മുന്‍പ് ഓടിയിരുന്ന തീവണ്ടിയുടെ മാതൃകയിലാണ് കരടിപ്പാറ വ്യൂപോയന്റിൽ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്.
കഫേ, ശുചിമുറികള്‍ എന്നിവയ്ക്കൊപ്പം വാച്ച് ടവറും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പോതമേട്ടില്‍ കോട്ടയുടെ മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള വിശ്രമകേന്ദ്രം വൈകാതെ പ്രവര്‍ത്തനമാരംഭിക്കും. കോട്ടപ്പാറയില്‍ ലൈറ്റ് ഹൗസ് മാതൃകയിലാണ് വിശ്രമകേന്ദ്രം പൂർത്തിയായി വരുന്നത്.