പ്രത്യാശയുടെ പൊൻപ്രഭ വിതറി ഇന്ന് ഉയിർപ്പ് ഞായർ
1543732
Sunday, April 20, 2025 1:04 AM IST
തൊടുപുഴ: കാൽവരിയിലെ സഹനത്തെ മധുരീകരിച്ച് മരണത്തെ കീഴടക്കിയ യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ക്രൈസ്തവർ ഇന്ന് പ്രത്യാശയുടെ തിരുനാളായ ഉയിർപ്പ് ഞായർ ആഘോഷിക്കും.
അനുതാപാർദ്രമായ ഹൃദയത്തോടെ തിരുസന്നിധിയിൽ വിശ്വാസം അർപ്പിച്ച നല്ലകള്ളന് പറുദീസയും ഭയത്തിലും മരണഭീതിയിലും കഴിഞ്ഞവർക്ക് നിത്യതയും വാഗ്ദാനം നൽകിയ പുണ്യദിനത്തിന്റ അനുസ്മരണമാണ് ക്രൈസ്തവർ ഇന്ന് ആഘോഷിക്കുന്നത്.
പ്രതീക്ഷയുടെ പുതുചക്രവാളം തുറന്നുകിട്ടിയതിന്റെ ആത്മഹർഷത്തിൽ ഇന്നു ദേവാലയങ്ങളിൽ ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ആഘോഷിക്കും.തൊടുപുഴ ടൗണ്പള്ളി, മുതലക്കോടം സെന്റ് ജോർജ്, കരിമണ്ണൂർ സെന്റ് മേരീസ്, മൈലക്കൊന്പ് സെന്റ് തോമസ്, മൂലമറ്റം സെന്റ് ജോർജ്, തുടങ്ങനാട് സെന്റ് തോമസ്, വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ, വെള്ളയാംകുടി സെന്റ് ജെറോംസ്, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയം, കട്ടപ്പന സെന്റ് ജോർജ് എന്നിവിടങ്ങളിൽ ഉയിർപ്പിന്റെ തിരുക്കർമങ്ങളും ദേവാലയംചുറ്റി മെഴുകുതിരി പ്രദക്ഷിണവും നടക്കും.
വിവിധ പള്ളികളിൽ കെസിവൈഎം, എസ്എംവൈഎം യൂണിറ്റുകളുടെ നേതൃത്വത്തിൽ ഈസ്റ്റർ മുട്ടകളും വിതരണം ചെയ്യും. 50 ദിവസത്തെ നോന്പും ഉപവാസവുംവഴി ആത്മവിശുദ്ധീകരണത്തിലേക്ക് കടന്നുവന്ന ക്രൈസ്തവർ വിശ്വാസത്തിന്റെ നിറവിലാണ് തിരുക്കർമങ്ങളിൽ പങ്കുചേരുന്നത്.