അപകടക്കെണിയൊരുക്കി സംസ്ഥാനപാതയിൽ ഗർത്തം
1543740
Sunday, April 20, 2025 1:04 AM IST
കട്ടപ്പന: തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയുടെ ഭാഗമായ പുളിയന്മല-പാറക്കടവ് റൂട്ടില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ വാഹനയാത്രികര്‍ക്ക് അപകടക്കെണിയാകുന്നു. കാഴ്ചയില്‍ ചെറിയ കുഴികളാണെങ്കിലും ഇതിന്റെ ആഴം വലുതാണ്. കുഴികളില്‍ വാഹനം പതിക്കുമ്പോള്‍ അതിനുള്ളിലുള്ളവര്‍ക്ക് വലിയ രീതിയിലുള്ള ആഘാതം ഏല്ക്കുന്നുണ്ട്.
കയറ്റിറക്കങ്ങളും വലിയ വളവുകളുമുള്ള പാതയിലാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമായും ഇരുചക്ര വാഹനയാത്രികര്‍ക്കാണ് ഭീഷണി. കൂടാതെ ഈ പാതയുടെ വശങ്ങളില് ഉണ്ടായിരിക്കുന്ന കട്ടിങ്ങുകളും വലിയ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നത്. പൊതുമരാത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് കുഴികള്‍ അടയ്ക്കാന്‍ നിസംഗത കാണിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഈ പാതയെ മലയോര ഹൈവേ ആക്കി ഉയര്‍ത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിലും നടപടി ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.