ലോക മനഃസാക്ഷിയുടെ ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പ: മാർ നെല്ലിക്കുന്നേൽ
1544283
Monday, April 21, 2025 11:59 PM IST
കരിമ്പൻ: ലോക മനസാക്ഷിയുടെ ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ. ആധുനിക കാലഘട്ടത്തിൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച ആത്മീയ ആചാര്യനായിരുന്നു അദ്ദേഹം. പാവപ്പെട്ടവരോടും പാർശ്വവത്്കരിക്കപ്പെട്ടവരോടും കാണിച്ച കരുതൽ അദ്ദേഹത്തെ വ്യത്യസ്ഥനാക്കി.
സുവിശേഷത്തിലെ ഈശോയോട് സമരസപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കും പ്രവർത്തിയും. 140 കോടി ക്രൈസ്തവരുടെ മാത്രമല്ല ലോകജനതയുടെ മുഴുവൻ ആരാധ്യപുരുഷനായിരുന്നു.
അദ്ദേഹത്തിന്റെ വിയോഗ വാർത്ത അങ്ങേയറ്റം ആകസ്മികവും ദുഃഖകരവുമാണ്. ഇടുക്കി രൂപതയുടെ അഗാധമായ ദുഃഖം അറിയിക്കുന്നു. ഈ ദിവസങ്ങളിൽ പള്ളികളിൽ പ്രത്യേക പ്രർഥനകളും അനുസ്മരണങ്ങളും നടക്കുമെന്നും ബിഷപ് അറിയിച്ചു.
യാക്കോബായ സഭ
ശ്രേഷ്ഠ കാതോലിക്ക
അടിമാലി: ഫ്രാൻസിസ് മാര്‍പാപ്പയുടെ വിയോഗത്തിൽ യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ അനുശോചിച്ചു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ ശബ്ദത്തിനായി ഏതു കാലത്തും ലോകം കാതോര്ത്തിട്ടുണ്ടെന്ന് ബസേലിയോസ് ജോസഫ് ബാവ അടിമാലിയില്‍ പറഞ്ഞു.
കഷ്ടത അനുഭവിക്കുന്നവരുടെ സമാധാനം പുനസ്ഥാപിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും എപ്പോഴും പരിശുദ്ധ പിതാവ് ശബ്ദമുയര്‍ത്തിയിരുന്നു. വ്യത്യസ്തകളോടു കൂടി കത്തോലിക്കാ സഭയുടെ പരമോന്നത പദവിയില്‍ അനേക വര്‍ഷക്കാലം പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ അജപാലകവൃത്തി നിര്‍വഹിച്ചതായും ബസേലിയോസ് ജോസഫ് ബാവ അനുസ്മരിച്ചു.
കത്തോലിക്ക കോൺഗ്രസ്
ചെറുതോണി: ആഗോള കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറിയും കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റുമായ ജോർജ് കോയിക്കൽ അനുശോചിച്ചു.
കരുണയുടെ ഉറവ വറ്റാത്ത ദൈവീക വ്യക്തിത്വത്തിന് ഉടമയായ മാർപാപ്പ ലോകത്തിന് മുമ്പിൽ പ്രത്യാശയുടെ മനുഷ്യമുഖം ആയിരുന്നു. പ്രവാസികൾക്കും ഭവനരഹിതർക്കും ജയിൽവാസികൾക്കും ദരിദ്രർക്കുമെല്ലാം മറ്റുള്ളവരെപ്പോലെയുള്ള മനുഷ്യാവകാശങ്ങൾക്കും പരിഗണനയ്ക്കും അർഹതയുണ്ടെന്ന നിലപാട് സ്വീകരിച്ച മാർപാപ്പ അവർക്കുവേണ്ടി ലോകത്തോട് ധൈര്യപൂർവം വാദിച്ചു. ലോക സമാധാനത്തിനുവേണ്ടി നിലപാട് സ്വീകരിക്കാൻ രാഷ്ട്രത്തലവൻമാരോട് അഭ്യർഥിച്ച മാർപാപ്പയുടെ വിയോഗം ലോകത്തിന് തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഡോ. ഏലിയാസ് മാർ അത്തനാസിയോസ്
അടിമാലി: ഫ്രാൻസിസ് മാര്‍പാപ്പയുടെ വിയോഗത്തിൽ യാക്കോബായ സഭ ഹൈറേഞ്ച് മേഖല അനുശോചിക്കുന്നതായി സഭയുടെ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ.ഏലിയാസ് മാര്‍ അത്തനാസിയോസ് അടിമാലിയില്‍ അറിയിച്ചു.
മാര്‍പാപ്പയുടെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്ന കത്തോലിക്കാ സഭയിലെ എല്ലാവരുടെയും ദുഃഖത്തില്‍ പങ്ക് ചേരുകയാണ്. പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പാ, പ്രശ്നങ്ങള്‍ ഉള്ളിടത്ത് യുദ്ധങ്ങള്‍ ഉള്ള ഇസ്രായേല്‍ ദേശത്ത്, സമാധാന ദൂതനായി എപ്പോഴും പ്രവര്‍ത്തിച്ച കാര്യം മറക്കാന്‍ കഴിയില്ലെന്നും മെത്രാപ്പോലീത്ത ഡോ.ഏലിയാസ് മാര്‍ അത്താനാസിയോസ് പറഞ്ഞു.
പ്രഫ. എം.ജെ. ജേക്കബ്
തൊടുപുഴ: ലോകത്താകമാനമുള്ള എല്ലാ ജനവിഭാഗത്തെയും സ്വന്തമായി കണ്ട വിശുദ്ധനായ വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ പ്രഫ.എം.ജെ. ജേക്കബ്. കാലം ആഗ്രഹിച്ച രീതിയിൽ ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മനുഷ്യരാശിയെ നാശത്തിലേക്കു തള്ളിവിടുന്ന എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ആഗ്രഹിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്തു. ലാളിത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും എളിമയുടെയും പ്രതീകമായിരുന്നു. കത്തോലിക്കാ സഭയിൽ കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാനുമായി.
ജോസ് പാലത്തിനാൽ
ചെറുതോണി: ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലൂടെ ക്രൈസ്തവ സഭയ്ക്കും ലോകത്തിനും നഷ്ടമായത് സാധാരണക്കാരെ സ്നേഹിച്ച അതുല്യവ്യക്തിത്വത്തെയാണെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു. തെരുവോരങ്ങളിൽ സാധാരണക്കാരന്റെ വേദനകൾ മനസിലാക്കുന്നതിനും ത്യാഗത്തിന്റെയും സഹനത്തിന്റെയും ഭാവമായി മാറാനും അദ്ദേഹത്തിനായി. കരുണയുടെ ദൂതനായിരുന്ന പാപ്പാ സഭയിലും ലോകത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
കെ. സലിംകുമാർ
തൊടുപുഴ: അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയരാകുന്നവർക്കൊപ്പം നിലയുറപ്പിച്ച മനുഷ്യസ്നേഹിയെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പറഞ്ഞു.
കഷ്ടതയനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളോടും ഐക്യദാർഢ്യം പുലർത്തി. നിന്ദിതരുടെയും പീഡിതരുടെയും പക്ഷത്ത് അദ്ദേഹം എക്കാലവും ഉറച്ചു നിന്നു. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പ മനുഷ്യത്വത്തിന്റെയും മാനവീകതയുടെയും മുഖമാണെ ന്നും അദ്ദേഹത്തിന്റെ വിയോഗം സമാധാനപ്രേമികൾക്ക് തീരാനഷ്ടമാണെന്നും സലിംകുമാർ പറഞ്ഞു.
കേരള കർഷക യൂണിയൻ
ചെറുതോണി: ലോകമനസാക്ഷിയുടെ ശബ്ദവും ലാളിത്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകവുമായ ആഗോള കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാൻ രാജ്യത്തിന്റെ ഭരണത്തലവനുമായ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയുടെ ദേഹവിയോഗത്തിൽ ലോകമാസകലമുള്ള ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേര ുന്നു. കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ജനറൽ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന എന്നിവർ അനുശോചിച്ചു.
എല്ലാവരെയും സമന്മാരായി കണ്ട
വ്യക്തിത്വം: മാര്‍ മാത്യു മൂലക്കാട്ട്
അജപാലന ശുശ്രൂഷയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇടയശ്രേഷ്ഠനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അശരണരെയും പാവപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തിയിരുന്ന പാപ്പ തികഞ്ഞ മനുഷ്യസ്നേഹിയും എല്ലാവരെയും സമന്മാരായി കാണുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. കോട്ടയം അതിരൂപത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ഥിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ലാറ്റിനമേരിക്കന്‍ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന പാപ്പായുടെ ജീവിതപശ്ചാത്തലങ്ങളും മുന്‍കാല അനുഭവങ്ങളും സഭയെ വേറിട്ടതും ശക്തവുമായ വഴിയിലൂടെ നയിക്കാന്‍ അദ്ദേഹത്തിനു ശക്തി പകര്‍ന്നു. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന മാര്‍പാപ്പ തികഞ്ഞ പരിസ്ഥിതി സ്നേഹികൂടിയായിരുന്നു.
ജീവിതം മുഴുവന്‍ സുവിശേഷാനുസരണം ജീവിച്ച് ഉയിര്‍പ്പിന്റെ സന്ദേശം ലോകത്തിനു നല്കി പാപ്പ വിടവാങ്ങിയിരിക്കുകയാണ്. പല ചാക്രിക ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചെങ്കിലും പാപ്പയുടെ ജീവിതമാണ് ലോകത്തിനു നല്കിയ ഏറ്റവും വലിയ സന്ദേശമടങ്ങിയ ഗ്രന്ഥം. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ആത്മീയ നേതൃത്വം തലമുറകള്‍ക്ക് പ്രകാശം ചൊരിയും.