കടുകൻമാക്കൽ വീട്ടുവളപ്പ് പഴവർഗങ്ങളുടെ പറുദീസ
1544003
Sunday, April 20, 2025 11:30 PM IST
ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: തുടങ്ങനാട് കടുകൻമാക്കൽ വീടിന്റെ മുന്നിലെത്തിയാൽ പഴവർഗച്ചെടികളുടെ പറുദീസയിലെത്തിയെന്ന പ്രതീതിയാണ് അനുഭവപ്പെടുക. വ്യത്യസ്തമായ പഴവർഗങ്ങളുടെ വിശാലമായ തോട്ടമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്്. തുടങ്ങനാട് വിച്ചാട്ടുകവല കടുകൻമാക്കൽ ബിനു കെ.അഗസ്റ്റിനാണ് വീടുകൾക്കു മുന്നിൽ അലങ്കാരച്ചെടികളും മറ്റും വളർത്തി സ്ഥലം പാഴാക്കാതെ പഴവർഗങ്ങളുടെ തോട്ടം ഒരുക്കി ശ്രദ്ധ നേടുന്നത്.
സ്വദേശിയും വിദേശിയുമായ ഒട്ടേറെ പഴവർഗച്ചെടികളാണ് കാക്കൊന്പ് സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായ ബിനുവിന്റെ വീടിന്റെ പരിസരത്ത് ഇപ്പോൾ തലയെടുപ്പോടെ നിറഞ്ഞു നിൽക്കുന്നത്. വീടിനു മുന്നിൽ ഫ്ളവർ ഗാർഡനു പകരം ഫ്രൂട്സ് ഗാർഡൻ ഒരുക്കിയപ്പോൾ ഇത് അലങ്കാരത്തിനു പുറമേ നാട്ടുകാർക്ക് വിസ്മയക്കാഴ്ചയുമായി.
ബിനുവിന്റെ പിതാവ് അപ്പച്ചൻ എന്നു വിളിക്കുന്ന കെ.എം. ആഗസ്തി കൃഷിക്കാരനാണ്. അഞ്ചേക്കറോളം വരുന്ന ഭൂമിയിൽ റബർ, കുരുമുളക്, ജാതി ഉൾപ്പെടെ വിവിധ വിളകൾ അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. പിതാവിനോടൊപ്പം കൃഷിയിടത്തിൽ സജീവമായ ബിനുവിന്റെ മനസിൽ ഉദിച്ച ആശയമാണ് ഈ പഴത്തോട്ടം. ജോലിയോടൊപ്പം ഇടവേളകളിലാണ് ഇതിനായി സമയം കണ്ടെത്തുന്നത്. വിവിധ മേഖലകളിലെ നഴ്സറികളിൽനിന്നു വിവിധ പഴവർഗ ചെടികളുടെ തൈകൾ വാങ്ങിയാണ് കൃഷി ആരംഭിച്ചത്. മെച്ചപ്പെട്ട പരിപാലനം കൂടിയായതോടെ പലതും വേഗത്തിൽ വളർന്ന് കായ്ഫലം നൽകാൻ തുടങ്ങി.
അബിയു, മിറക്കിൾ ഫ്രൂട്ട്, മിൽക്ക് ഫ്രൂട്ട്, മാംഗോസ്റ്റിൻ, റംബുട്ടാൻ, പുലാസാൻ, മുസംബി, ഡ്രാഗണ് ഫ്രൂട്ട്, ആപ്പിൾ ചാന്പ, മെക്സിക്കൻ ഗ്രീൻ ചാന്പ, പീനറ്റ് ഫ്രൂട്ട്, ബർമീസ് ഗ്രേപ്പ്, സപ്പോട്ട, ജബോട്ടിക്ക (മരമുന്തിരി), ബറാബ (കാട്ടുമാംഗോസ്റ്റിൻ), ടിയോസാവ എന്നിവയ്ക്കു പുറമെ നാലു തരം പേര, രണ്ടിനം പാഷൻഫ്രൂട്ട്, വിവിധ ഇനം മാവ്, പ്ലാവ്, നെല്ലി, ചീമനെല്ലി, അരിനെല്ലി, ചെറുനാരകം, ബബ്ലി നാരകം തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളാണ് ഇവിടെ പടർന്നു പന്തലിച്ചു
നിൽക്കുന്നത്. ടിയോസാവയും സപ്പോട്ടയും എല്ലാ സമയത്തും കായ്ഫലം നൽകുന്നവയാണ്.
ആദ്യം ഏതാനും ചെടികൾ മാത്രമാണ് നട്ട് സംരക്ഷിച്ചിരുന്നതെങ്കിലും പിന്നീട് ഇതിനായി ഏറെ സമയം കണ്ടെത്തുകയായിരുന്നുവെന്ന് ബിനു പറയുന്നു. ലഭ്യമാകുന്നിടത്തു നിന്നെല്ലാം തൈകൾ വാങ്ങി വീട്ടിലെത്തിച്ച് പരിപാലിക്കുന്നതിന് സമയം കണ്ടെത്തിയതോടെ വീട്ടുവളപ്പ് ഫലസമൃദ്ധമായി മാറി. യഥാസമയം ജലസേചനം കൂടിയായതോടെ എല്ലാ ചെടികളും മെച്ചെപ്പെട്ട രീതിയിൽ വിളവും നൽകി.
പഴങ്ങൾ സാധാരണയായി വിൽപ്പന നടത്താറില്ല. വീട്ടുകാരുടെ ഉപയോഗത്തിനു ശേഷം ബാക്കി വരുന്നത് അയൽക്കാർക്കും സുഹൃത്തുക്കൾക്കും നൽകുകയാണ് പതിവ്. പഴവർഗച്ചെടികൾ കാണാനും കൃഷി രീതികൾ പരിചയപ്പെടാനുമായി ഒട്ടേറെ പേർ ബിനുവിന്റെ വീട്ടിലെത്താറുണ്ട്. ഇവിടെയുള്ള പല പഴവർഗങ്ങളും പലരും ആദ്യമായാണ് കാണുന്നത് തന്നെ.
ഇതിനിടെ ഇവയുടെ തൈകൾ ഉത്പാദിപ്പിച്ച് ആവശ്യക്കാർക്ക് നൽകാനും ബിനു സമയം കണ്ടെത്തുന്നുണ്ട്. പിതാവിനു പുറമെ മാതാവ് മേരി, മൂലമറ്റം സെന്റ് ജോർജ് സ്കൂൾ അധ്യാപികയായ ഭാര്യ മഞ്ജുമോൾ, മക്കളായ ജസ്റ്റസ് ബിനു, ജസ് മരിയ ബിനു എന്നിവരും എല്ലാ പിന്തുണയുമായി ഇദ്ദേഹത്തിനൊപ്പമുണ്ട്.