വിശ്വാസചൈതന്യം വിളിച്ചോതി മലേക്കുരിശ് തീർഥാടനം
1530875
Saturday, March 8, 2025 12:04 AM IST
മൂവാറ്റുപുഴ: വലിയ നോന്പിനോടനുബന്ധിച്ച് ആത്മവിശുദ്ധീകരണത്തിന്റെയും ജീവിത നവീകരണത്തിന്റെയും ചൈതന്യം ഉൾക്കൊണ്ട് ആയിരക്കണക്കിന് വിശ്വാസികൾ അതിപുരാതനമായ ആരക്കുഴ മലേക്കുരിശിലേക്ക് തീർഥാടനം നടത്തി. കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള തീർഥാടകർ കുരിശിന്റെ വഴിയിൽ പങ്കാളികളായി.
ഇന്നലെ വൈകുന്നേരം ആറോടെയാണ് തീർഥാടനത്തിന് തുടക്കം കുറിച്ചത്. കാൽവരിയിലെ മഹാത്യാഗത്തിന്റെ സ്മരണ ഉണർത്തുന്ന കുരിശിന്റെ വഴിയിൽ മൂവാറ്റുപുഴ, മാറിക, വാഴക്കുളം എന്നീ കേന്ദ്രങ്ങളിൽനിന്നുള്ളവർ അണിനിരന്നു.
മൂവാറ്റുപുഴ ഹോളിമാഗി ഫൊറോനപള്ളിയിൽനിന്ന് ആരംഭിച്ച തീർഥാടനത്തിന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും വാഴക്കുളം, മാറിക എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടനത്തിന് രൂപത വികാരി ജനറാൾമാരായ മോണ്‍. പയസ് മലേക്കണ്ടത്തിൽ, മോണ്‍. വിൻസന്റ് നെടുങ്ങാട്ട് എന്നിവരും നേതൃത്വം നൽകി. മലേക്കുരിശിലെ താഴത്തെ കപ്പേളയിൽ തീർഥാടനം എത്തിച്ചേർന്നപ്പോൾ ഇവിടെനിന്നു കുരിശിന്റെ വഴി ആരംഭിച്ചു.
തുടർന്നു മലമുകളിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെ തീർഥാടനം സമാപിച്ചു.
രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ്, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവരും പങ്കാളികളായി. ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കണിമറ്റം, മൂവാറ്റുപുഴ ഹോളിമാഗി ഫൊറോനപള്ളി വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ഫാ. ആന്റണി പുത്തൻകുളം, ആരക്കുഴ ഇടവകയിലെ കൈക്കാരന്മാർ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.