എഴുകുംവയൽ കുരിശുമലയിൽ തീർഥാടനത്തിനു തുടക്കമായി
1530876
Saturday, March 8, 2025 12:04 AM IST
കട്ടപ്പന: കിഴക്കിന്റെ കാൽവരിയായ എഴുകുംവയൽ കുരിശുമലയിൽ വലിയ നോന്പാചരണത്തിന്റെ ഭാഗമായുള്ള കുരിശുമല തീർഥാടനത്തിനും കുരിശുമല കയറ്റത്തിനും തുടക്കമായി. വലിയ നോന്പിലെ ആദ്യ വെള്ളിയാഴ്ചയായിരുന്ന ഇന്നലെ കുരിശുമലയുടെ അടിവാരത്തുള്ള ടൗണ്‍ കപ്പേളയിൽനിന്ന് ആരംഭിച്ച കുരിശിന്റെ വഴിക്ക് നൂറുകണക്കിനു വിശ്വാസികൾ പങ്കാളികളായി. തുടർന്നു കുരിശുമലയിലെ പള്ളിയിൽ വിശുദ്ധ കുർബാനയും വചനപ്രഘോഷണവും നടന്നു.
ഫാ. തോമസ് കുഴിയൻപ്ലാവിൽ, ഫാ. സോബിൻ കൈപ്പയിൽ എന്നിവർ ശുശ്രൂഷകൾ നയിച്ചു. കുരിശുമലയിൽ എത്തിയ മുഴുവൻ വിശ്വാസികൾക്കും നേർച്ചക്കഞ്ഞിയും ഒരുക്കിയിരുന്നു. വലിയ നോന്പിലെ എല്ലാ ദിവസങ്ങളിലും രാത്രികാലങ്ങളിലും കുരിശുമല കയറുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തോടനുബന്ധിച്ച് ഇടുക്കി രൂപതയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക തീർഥാടന കേന്ദ്രമെന്ന നിലയിൽ എഴുകുംവയൽ കുരിശുമല കയറുന്ന തീർഥാടകർക്ക് ദണ്ഡവിമോചനം അനുവദിച്ചിട്ടുണ്ടെന്ന് വികാരി ഫാ. തോമസ് വട്ടമല, സഹ വികാരി ഫാ. ലിബിൻ വെള്ളിയാന്തടം എന്നിവർ അറിയിച്ചു.