ഒൗട്ട്ഹൗസിന് തീ പിടിച്ച് റബർ ഷീറ്റ് കത്തിനശിച്ചു
1530873
Saturday, March 8, 2025 12:04 AM IST
തൊടുപുഴ: നെയ്യശേരിയിൽ വീടിനോടു ചേർന്നുള്ള ഒൗട്ട്ഹൗസിലെ അടുക്കളയ്ക്ക് തീ പിടിച്ച് ഉണക്കാനിട്ടിരുന്ന റബർ ഷീറ്റ് കത്തിനശിച്ചു. ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.
വാഴേപ്പറന്പിൽ സിബി മാത്യുവിന്റെ വീടിനോട് ചേർന്നുള്ള ഒൗട്ട് ഹൗസിലെ അടുക്കളയിലാണ് തീപിടിത്തം ഉണ്ടായത്. ഉണക്കാൻ ഇട്ടിരുന്ന റബർ ഷീറ്റുകളിലേക്ക് അടുപ്പിൽനിന്നു തീ പടരുകയായിരുന്നു.
തീ ആളിപ്പടർന്നപ്പോഴാണ് എല്ലാവരും വിവരമറിഞ്ഞത്. ഉടൻതന്നെ വീട്ടുകാർ അടുക്കളയിൽനിന്നും പാചക വാതക സിലിണ്ടർ മാറ്റുകയും മോട്ടോർ പന്പ് ചെയ്ത് തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ തീ നിയന്ത്രണാതീതമായതിനാൽ തൊടുപുഴ അഗ്നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
ഉടൻതന്നെ സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി. ഇടുങ്ങിയ വഴി ആയതിനാൽ ഏറെ പണിപ്പെട്ടാണ് സേന സ്ഥലത്തെത്തിയത്. റബർ ഷീറ്റുകളിലേക്ക് പടർന്ന തീ അണയ്ക്കുന്നതിനൊപ്പം അടുക്കളയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻ കരുതലുകളും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്വീകരിച്ചു.
അരമണിക്കൂറോളം സമയം പ്രയത്നിച്ചാണ് തീ പൂർണമായും അണച്ചത്. 150 ഓളം റബർ ഷീറ്റുകളും ഷീറ്റ്, ചിമ്മിനി, അടുക്കളയിൽ സൂക്ഷിച്ചിരുന്ന കാലിത്തീറ്റ എന്നിവയും കത്തിനശിച്ചു. 40,000 രൂപയുടെ നഷ്ടമാണ ്പ്രാഥമികമായി കണക്കാക്കുന്നത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി.തോമസ്, സീനിയർ ഫയർ ഓഫീസർ എം.എൻ. വിനോദ് കുമാർ, ഗ്രേഡ് സീനിയർ ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, എം.കെ. ബിനോദ്, പി.എൻ. അനൂപ്, ഫയർ ഓഫീസർമാരായ അനിൽ നാരായണൻ, ജയിംസ് നോബിൾ, എഫ്.എസ്. ഫ്രിജിൻ, ജെസ്റ്റിൻ ജോയി ഇല്ലിക്കൽ, ഹോം ഗാർഡ് രാജീവ് ആർ. നായർ എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.