വനനിയമ ഭേദഗതി: കത്തോലിക്ക കോൺഗ്രസ് പ്രത്യക്ഷ സമരത്തിന്
1494976
Monday, January 13, 2025 11:53 PM IST
ചെറുതോണി: 1961 ലെ വനനിയമ ഭേദഗതിക്കെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിട്ടും എല്ലാം അവഗണിച്ച് നിയമ ഭേദഗതിയുമായി മുന്നോട്ടു പോകുവാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിൽ ശക്തമായ പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത ഭാരവാഹികൾ അറിയിച്ചു.
വനനിയമ ഭേദഗതിക്കെതിരേ ഗണ്യമായ രീതിയിൽ പരാതികൾ ലഭിച്ചില്ലെന്നും ഈ നിയമ ഭേദഗതിയിൽ കാര്യമായ എന്തെങ്കിലും പ്രശ്നമുള്ളതായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സഭയും സമുദായവും തത്പരകക്ഷികളും ചേർന്ന് പ്രചരിപ്പിക്കുന്ന ഇല്ലാക്കഥകളാണ് പ്രതിഷേധത്തിന് അടിസ്ഥാനം എന്നുമുള്ള സംസ്ഥാന വനംവകുപ്പ് മന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കർഷകരെ സാരമായി ബാധിക്കുന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വനനിയമ ഭേദഗതി അടിയന്തരമായി പിൻവലിച്ചു ജനങ്ങൾക്ക് നീതി ഉറപ്പുവരുത്തണമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി ആവശ്യപ്പെട്ടു.
കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാൻ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് നേതൃ സമ്മേളനം തീരുമാനിച്ചു.
യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, രൂപത ഡയറക്ടർ ഫാ. ജോസഫ് പാലക്കകുടി, ഫാ. ഫ്രാൻസിസ് ഇടവകണ്ടം, ഫാ. ജോസഫ് കൊല്ലകുന്നേൽ, രൂപത കമ്മിറ്റി അംഗങ്ങളായ അഗസ്റ്റിൻ പരത്തിനാൽ, ബേബി ജോൺ, ജോയി വള്ളിയാംതടം, ആഗ്നസ് ബേബി, റിൻസി സിബി, ജോളി ജോൺ, വാഴത്തോപ്പ് കത്തീഡ്രൽ ഫൊറോന പ്രസിഡന്റ് ജോസഫ് പാലാട്ടിൽ, സെക്രട്ടറി റോബർട്ട് ഓടയ്ക്കൽ, ട്രഷറർ കുര്യൻ കളപ്പുരക്കൽ, കമ്മറ്റി അംഗങ്ങളായ ജിസ്മോൻ റോയി, ഷാജി പുന്നക്കൽ, ഷാജു പണൂർ, റെജീന വിൽസൺ, സിബി തട്ടാർ പറമ്പിൽ, സിബി തകരപ്പിള്ളിൽ, ആലീസ് ജോസ്, ഷൈനി മാത്യു, ജോർജുകുട്ടി വട്ടപ്പാറ, ടോമി കുന്നേമാക്കൽ എന്നിവർ പ്രസംഗിച്ചു.