സമരപ്രഖ്യാപന കണ്‍വൻഷനും പ്രകടനവും ചെറുതോണിയിൽ നാളെ
1494965
Monday, January 13, 2025 11:52 PM IST
കട്ടപ്പന: വ്യാപാരികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പാർലമെന്റ് മാർച്ചിന് മുന്നോടിയായി സമരപ്രഖ്യാപന കണ്‍വൻഷനും പ്രകടനവും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ചെറുതോണിയിൽ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങളുടെ വാടകയ്ക്കുള്ള ജിഎസ്ടി പൂർണമായും പിൻവലിക്കുക, ചെറുകിട വ്യാപാര മേഖലയിൽ ഗ്രാമങ്ങളിൽ കുത്തകകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, ഓണ്‍ലൈൻ വ്യാപാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ചെറുകിട വ്യാപാരമേഖലയെ സംരക്ഷിക്കാൻ ആവശ്യമായ നിയമ നിർമാണങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഫെബ്രുവരി 18നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നത്.
ഇതിനു മുന്നോടിയായി എല്ലാ ജില്ലകളിലും കണ്വൻഷൻ നടത്തും. ചെറുതോണി വ്യാപാര ഭവനിൽനിന്നു പ്രകടനം ആരംഭിക്കും. ടൗണ്‍ ഹാളിൽ നടത്തുന്ന സമര പ്രഖ്യാപന കണ്വൻഷൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും.
സംസ്ഥാന നേതാക്കളായ കുഞ്ഞാവു ഹാജി (മലപ്പുറം ), ദേവസ്യ മേച്ചേരി (കണ്ണൂർ ), എസ്. ദേവരാജൻ ( കൊല്ലം), എം.കെ. തോമസ് (കോട്ടയം), ബാബു കോട്ടയിൽ (പാലക്കാട് )എന്നിവർ പ്രസംഗിക്കും.
ജില്ലയിലെവിവിധ യൂണിറ്റുകളിൽനിന്ന് ജില്ലാ കൗണ്‍സിൽ അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, നിയോജക മണ്ഡലം ഭാരവാഹികൾ, യുത്ത് വിംഗ്, വനിതാ വിംഗ് ജില്ലാ - യൂണിറ്റ് ഭാരവാഹികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. സമീപ യൂണിറ്റുകളിൽനിന്നും പരമാവധി അംഗങ്ങളും പ്രകടനത്തിൽ പങ്കെടുക്കും.
ജില്ലാ നേതാക്കളായ നജീബ് ഇല്ലത്തുപറന്പിൽ, കെ.ആർ. വിനോദ്. ആർ. രമേശ്, പി.എം. ബേബി, തങ്കച്ചൻ കോട്ടക്കകം, ജോസ് കുഴികണ്ടം, വി.എസ്. ബിജു, ബാബുലാൽ. ഷിബു തോമസ്, അഡ്വ.എം.കെ. തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ഫെബ്രുവരി 18ന് നടക്കുന്ന പാർലമെന്റ് മാർച്ചിൽ ജില്ലയിൽ നിന്ന് 500 അംഗങ്ങൾ പങ്കെടുക്കുമെന്നും സണ്ണി പൈന്പിള്ളിൽ, നജീബ് ഇല്ലാത്തു പറന്പിൽ കെ.ആർ. വിനോദ്,ജോസ് കുഴികണ്ടം, സിജോ തടത്തിൽ, സാജു പട്ടരൂമടം, സാജൻ ജോർജ് ജോഷി കുട്ടട എന്നിവർ അറിയിച്ചു.