ഫെൻസിംഗ് സ്ഥാപിക്കാനുള്ള നടപടി അനിശ്ചിതത്വത്തിൽ
1494467
Saturday, January 11, 2025 11:22 PM IST
തൊടുപുഴ: കാട്ടാന ശല്യം രൂക്ഷമായ മുള്ളരിങ്ങാട് വനാതിർത്തിയോട് ചേർന്ന് ഫെൻസിംഗ് സ്ഥാപിക്കാനുള്ള നടപടികൾ വൈകുന്നു.
ഇതിനുള്ള വിശദമായ എസ്റ്റിമേറ്റ് മുള്ളരിങ്ങാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ തയാറാക്കി സമർപ്പിച്ചെങ്കിലും നിർമാണത്തുക സംബന്ധിച്ചുള്ള അനിശ്ചിതത്വമാണ് നടപടികൾ വൈകാൻ കാരണം. ഏതാനും ദിവസം മുന്പ് കാട്ടാന ആക്രമണത്തിൽ മുള്ളരിങ്ങാട് അമയൽതൊട്ടിയിൽ യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ തൊടുപുഴയിൽ പി.ജെ. ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. അടിയന്തരമായി ഫെൻസിംഗ് പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് യോഗത്തിൽ മുഖ്യമായും തീരുമാനിച്ചത്.
ഫെൻസിംഗ് നിർമാണത്തിനായി പി.ജെ. ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപയും എട്ടു ലക്ഷം രൂപ ഡീൻ കുര്യാക്കോസ് എംപിയുടെ ഫണ്ടിൽനിന്നും നൽകുമെന്നും അറിയിച്ചിരുന്നു. ബാക്കി വരുന്ന തുക കണ്ടെത്തുന്നതു സംബന്ധിച്ച് ജില്ലാ കളക്ടറുമായി ആലോചിച്ച് നടപടി കൈക്കൊള്ളാമെന്ന് സബ് കളക്ടറും യോഗത്തിൽ അറിയിച്ചു.
ഫണ്ട് അനുവദിക്കുന്നതിനു മുന്നോടിയായാണ് എസ്റ്റിമേറ്റ് തയാറാക്കാൻ റേഞ്ച് ഓഫീസറിന് കോതമംഗലം ഡിഎഫ്ഒ നിർദേശം നൽകിയത്.
എന്നാൽ റേഞ്ച് ഓഫീസർ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഒരു കിലോമീറ്ററിന് 7.51 ലക്ഷം രൂപ ചെലവു വരും. പൊതുമരാമത്ത് വകുപ്പിന്റെ സൈറ്റ് പ്രകാരമുള്ള എസ്റ്റിമേറ്റ് തുകയാണ് ഇത്.
വനവും ജനവാസമേഖലയും തമ്മിൽ വേർതിരിക്കുന്ന ചുള്ളിക്കണ്ടം മുതൽ കൊക്കിപ്പാറ വരെയുള്ള ഒൻപതു കിലോമീറ്റർ ദൂരത്താണ് ഫെൻസിംഗ് സ്ഥാപിക്കേണ്ടത്. ജനസാന്ദ്രത കൂടുതലുള്ള പൂവത്തുംകോളനി വരെ നാലു കിലോമീറ്റർ ദൂരത്ത് അടിയന്തരമായി ഫെൻസിംഗ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ എംപി, എംഎൽഎ ഫണ്ടുപയോഗിച്ച് രണ്ടര കിലോമീറ്റർ ദൂരത്തിൽ മാത്രമേ ഫെൻസിംഗ് പൂർത്തിയാക്കാനാകു. അതിനാൽ ചെലവു കുറഞ്ഞ രീതിയിൽ ഫെൻസിംഗ് സ്ഥാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെയും മറ്റും നിർമാണ പ്രവൃത്തികൾ നടത്തുന്ന ഏജൻസികളെ ഉപയോഗിച്ച് ചെലവു കുറഞ്ഞ രീതിയിൽ വീണ്ടും എസ്റ്റിമേറ്റ് തയാറാക്കാനാണ് ശ്രമം നടത്തുന്നത്.
ഇതിനു വാളറ തൊട്ടിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന വാളറ മുതൽ നീണ്ടപാറ വരെയുള്ള പെൻസ്റ്റോക്ക് പൈപ്പുകൾ മറി കടന്ന് ഉൾ വനങ്ങളിലേക്ക് കാട്ടാനകൾക്ക് കടന്നുപോകാൻ റാംപ് നിർമിക്കുന്ന കാര്യവും വനം വകുപ്പ് ആലോചിച്ചു വരികയാണെന്ന് ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നു. ഫണ്ടിന്റെ ലഭ്യതക്കുറവു മൂലം ഇതും ഉടൻ നടക്കാൻ സാധ്യത കുറവാണ്.
ഇതിനിടെ ജനവാസ മേഖലയ്ക്കു സമീപം വനമേഖലയിൽ ഇപ്പോഴും ആനകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ റിസർവ് വനത്തിലാണ് ആനകളുള്ളതെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെനിന്നു കൂടുതൽ ഉൾക്കാട്ടിലേയ്ക്ക് ആനകളെ തുരത്താൻ ശ്രമിച്ചാൽ അവ ചെന്പൻകുഴി മേഖലയിലേക്ക് പോകാനുള്ള സാധ്യതയേറെയാണ്. അവിടെയും ജനവാസ മേഖലയുള്ളതിനാലാണ് വനംവകുപ്പ് ഇതിന് ശ്രമം നടത്താത്തത്. എങ്കിലും ആനകൾ ജനവാസ മേഖലയ്ക്കു സമീപത്തേക്ക് കടക്കാതിരിക്കാൻ നിരീക്ഷണം തുടരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.