ലൈസന്‍സി ഒഴിവായി; റേഷന്‍കട തന്നെ റദ്ദുചെയ്യുന്നു!
1494721
Sunday, January 12, 2025 11:37 PM IST
നെടുങ്കണ്ടം: ഗ്രാമീണ മേഖലയിലെ റേഷന്‍ കട റദ്ദാക്കാന്‍ നീക്കം. പ്രതിഷേധവുമായി നാട്ടുകാര്‍. പാമ്പാടുംപാറ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പത്തിനിപ്പാറയില് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന റേഷന്‍ കടയുടെ ലൈസന്‍സാണ് യാതൊരു മുന്നറിയിപ്പും കൂടാതെ റദ്ദാക്കാൻ നീക്കം നടക്കുന്നത്. 250 ഓളം കാര്‍ഡ് ഉടമകള്‍ ഉള്ള റേഷന്‍ കടയാണ് ഇത്. കാര്‍ഡ് ഉടമകള്‍ക്ക് മറ്റ് റേഷന്‍ കടകളില്‍നിന്നും സാധനങ്ങള്‍ വാങ്ങാം എന്ന ന്യായമാണ് അധികൃതരുടേത്.
എന്നാല്‍, വാഹന ഗതാഗതം ഇല്ലാത്ത പത്തിനിപ്പാറ മേഖലയില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് ഓട്ടോറിക്ഷ വിളിച്ച് മറ്റ് സ്ഥലങ്ങളില്‍ പോകേണ്ടതായിവരും. റേഷന്‍ വാങ്ങണമെങ്കില്‍ കിലോമീറ്ററുകള്‍ അകലെയുള്ള പാമ്പാടുംപാറ, മുണ്ടിയെരുമ, ദേവഗിരി എന്നിവിടങ്ങളില്‍ എത്തേണ്ട സ്ഥിതിയാകും. ബിപിഎല്‍ ലിസ്റ്റിലുള്ള കാര്‍ഡ് ഉടമകളാണ് ഇവിടെ കൂടുതലും. കൂലിപ്പണിക്കാരായ ഇവര്‍ക്ക് റേഷന്‍ വാങ്ങണമെങ്കില്‍ പണി ഉപേക്ഷിച്ച് പോകേണ്ടതായി വരും. ഒരാള്‍ മാത്രമുള്ള കാര്‍ഡ് ഉടമകള്‍ നാല് കിലോ അരി വാങ്ങുന്നതിന് 300 രൂപ ഓട്ടോറിക്ഷാക്കൂലി കൊടുക്കേണ്ടിവരും.
റേഷന്‍ കടയുടെ ലൈസന്‍സി ഒഴിവായാല്‍ മറ്റൊരാളെ നിയമിക്കുന്നതിന് നോട്ടിഫിക്കേഷന്‍ നല്‍കുന്നതിന് പകരം കടതന്നെ റദ്ദുചെയ്യുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. കട റദ്ദാക്കാതെ പകരം പുതിയ ലൈസന്‍സ് നല്കി റേഷന്‍ കട ഈ പ്രദേശത്ത് തന്നെ നിലനിര്‍ത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അല്ലാത്തപക്ഷം മറ്റു സമരനടപടികളിലേക്ക് കടക്കാന്‍ റേഷന്‍ കടയ്ക്ക് മുമ്പില്‍ നടന്ന സൂചനാ സമരത്തില്‍ തീരുമാനിച്ചു. പഞ്ചായത്ത് അംഗങ്ങളായ മിനി മനോജ്, ആരിഫ അയ്യൂബ്, സി.വി. ആനന്ദ് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്കി.