സെവൻമലയിൽ കാട്ടുപോത്തിറങ്ങി
1494964
Monday, January 13, 2025 11:52 PM IST
മൂന്നാർ: കാടിറങ്ങി ജനവാസമേഖലയിൽ എത്തിയ കാട്ടുപോത്ത് പ്രദേശവാസികളിൽ ഭീതിയുണർത്തി. മൂന്നാർ സെവൻമല എസ്റ്റേറ്റ് അപ്പർ ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് കാട്ടുപോത്ത് എത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കാട്ടുപോത്ത് വീടുകൾക്കു സമീപം എത്തിയത്. കാട്ടുപോത്തിനെ കണ്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി സുരക്ഷിത സ്ഥലങ്ങളിൽ അഭയം തേടി.
കാട്ടാനയുടെ സ്ഥിരം സാന്നിധ്യമുള്ള എസ്റ്റേറ്റിൽ കാട്ടുപോത്ത് കൂടി എത്തിയതോടെ കുട്ടികളടക്കമുള്ളവർ ഭയചകിതരാണ്.
കഴിഞ്ഞ ഏതാനും നാളുകളായി മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ദിവസങ്ങൾക്കു മുന്പ് മൂന്നാർ ടൗണിലെ നല്ലതണ്ണി ജംഗ്ഷനിൽ ആൾത്തിരക്കുള്ള സമയത്ത് കാട്ടുപോത്ത് എത്തിയിരുന്നു.