കുത്തുപാറയില്‍ റേഷന്‍കട തുറക്കണം
1495382
Wednesday, January 15, 2025 6:26 AM IST
അടിമാലി: പ്രളയകാലത്ത് കെട്ടിടം അണ്ഫിറ്റായെന്ന കാരണത്താല്‍ വെള്ളത്തൂവലിലേക്ക് മാറ്റി സ്ഥാപിച്ച കുത്തുപാറയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന റേഷന്‍കട തിരികെ കുത്തുപാറയിലേക്ക് എത്തിക്കണമെന്ന ആവശ്യം ശക്തം. എആര്‍ഡി പത്തൊമ്പതാം നമ്പര്‍ റേഷന്‍കട വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച് വന്നിരുന്നത് കുത്തുപാറയിലായിരുന്നു.
പ്രളയകാലത്ത് റേഷന്‍ കട പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അണ്ഫിറ്റായെന്ന കാരണത്താല്‍ വെള്ളത്തൂവലിലേക്ക് മാറ്റി സ്ഥാപിച്ചു.
എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും റേഷന്‍കട കുത്തുപാറയിലേക്ക് തിരികെയെത്തിക്കാന്‍ നടപടി ഉണ്ടായിട്ടില്ല. കുത്തുപാറയില്നിന്നു കിലോമീറ്ററുകൾ സഞ്ചരിച്ചാല്‍ മാത്രമേ വെള്ളത്തൂവലിൽ എത്താനാകൂ. ബസ് സര്‍വീസ് കുറവുള്ള കുത്തുപാറ മേഖലയില്‍നിന്ന് ആളുകള്‍ക്ക് വെള്ളത്തൂവലില്‍ പോയി വരണമെങ്കില്‍ മറ്റ് വാഹനങ്ങളെ ആശ്രയിക്കണം.
വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന 9, 10, 11 വാര്‍ഡുകളിലെ ആളുകള്‍ റേഷന്‍സാധനങ്ങള്‍ വാങ്ങാന്‍ ആശ്രയിക്കുന്നത് വെള്ളത്തൂവലിലേക്ക് മാറ്റിസ്ഥാപിക്കപ്പെട്ട ഈ റേഷന്കടയെയാണ്. മുന്നൂറിലധികം ആളുകൾ ഈ റേഷൻകടയെയാണ് ആശ്രയിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.