വണ്ടൻമേട് സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ
1494719
Sunday, January 12, 2025 11:37 PM IST
കട്ടപ്പന: ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന വണ്ടൻമേട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമൂലം ആശുപത്രിയുടെ പ്രവർത്തനം നിലച്ച മട്ടിലാണ്. അസി. സർജൻ ഉൾപ്പെടെ ആറ് ഡോക്ടർമാർ വേണ്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ രണ്ട് താത്കാലിക ഡോക്ടർമാർ മാത്രമാണുള്ളത്.
2020ൽ ബ്ലോക്ക് ലെവൽ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ പുറ്റടിയിൽ പ്രവർത്തിക്കുന്ന വണ്ടന്മേട് പഞ്ചയത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥ ഇപ്പോൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും താഴെയാണ്.
കഴിഞ്ഞവർഷം നിരവധി പ്രതിഷേധങ്ങളും ജനകീയ സമരങ്ങളും നടന്നതിന്റെ ഫലമായി കൂടുതൽ ഡോക്ടർമാരെ ആശുപത്രിയിൽ നിയമിച്ചെങ്കിലും ഇപ്പോൾ വീണ്ടും പഴയ അവസ്ഥയിലായി. മെഡിക്കൽ ഓഫീസറുടെ ചുമതലയുള്ള ഡോക്ടർ പ്രസവാവധിയിലാണ്. മാസങ്ങളായി പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. മുന്നൂറോളം രോഗികൾ ദിവസേന ഒപിയിൽ എത്തുന്നുണ്ട്. ഈ ആശുപത്രിയോടുള്ള ആരോഗ്യ വകുപ്പിന്റെ അവഗണനക്കെതിരേ വീണ്ടും ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പൊതുപ്രവർത്തകനും എച്ച്എംസി അംഗവുമായ ഷാജി രാമനാട്ട് പറഞ്ഞു.
ലക്ഷങ്ങൾ ചെലവഴിച്ച് ആശുപത്രിയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും പുതിയതായി ഒന്നിലധികം കെട്ടിടങ്ങൾ പണിയുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, ഇതിന് ആനുപാതികമായി ആശുപത്രിയുടെ പ്രവർത്തനം വിപുലപ്പെടുത്തുകയോ ആവശ്യത്തിന് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കുകയോ ചെയ്യാൻ ആരോഗ്യവകുപ്പ് തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.