കഞ്ചാവുമായി പിടിയിൽ
1494724
Sunday, January 12, 2025 11:37 PM IST
രാജാക്കാട്: ഏഴ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികളെ അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ്് സ്ക്വാഡ് അറസ്റ്റ് ചെയ്തു.നിർമൽ ബിഷോയ് (33), നാരായൺ ബിഷോയ് (27) എന്നിവരെയാണ് രാജാക്കാട് കെഎസ്ഇബി ഓഫീസിന് സമീപത്തുനിന്നു കഴിഞ്ഞ ദിവസം നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കഞ്ചാവുമായി പിടികൂടിയത്. പ്രതികൾ രാജാക്കാടുള്ള സ്വകാര്യ ഇഷ്ടിക നിർമാണ യൂണിറ്റിലെ തൊഴിലാളികളാണ്.
കഴിഞ്ഞ ദിവസമാണ് ഇവർ സ്വദേശത്തുനിന്നു മടങ്ങിയെത്തിയത്. ഇവിടെ ചില്ലറ വിൽപ്പന നടത്താനാണ് ഏഴ് കിലോ കഞ്ചാവ് ആറ് പൊതികളിലായി പ്രതികൾ കൊണ്ടുവന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മുൻപും ഇവർ ഒഡീഷയിൽനിന്ന് കഞ്ചാവ് എത്തിച്ചിരുന്നതായി അധികൃതർക്ക്് വിവരം ലഭിച്ചിരുന്നു. സംഭവത്തിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.പി. മനൂപ്,അസി. എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) കെ.എം. അഷറഫ്, എൻ.കെ. ദിലീപ്, പ്രവന്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം. സുരേഷ്, സി.എം. അബ്ദുൾ ലത്തീഫ്, വി. പ്രശാന്ത്, യദുവംശരാജ്, ധനീഷ് പുഷ്പചന്ദ്രൻ, സുബിൻ പി. വർഗീസ്, ഡ്രൈവർ നിധിൻ ജോണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കട്ടപ്പന: കാഞ്ചിയാറിൽ മുക്കാൽ കിലോ കഞ്ചാവുമായി യുവാവിനെ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും കട്ടപ്പന പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കോഴിമല പുത്തൻപുരക്കൽ സബീഷ് ശശി (33) ആണ് അറസ്റ്റിലായത്.
രണ്ടു കിലോയോളം കഞ്ചാവ് ഇയാളുടെ കൈവശം എത്തിയതായി ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നെങ്കിലും മുക്കാൽ കിലോ മാത്രമാണ് കണ്ടെടുക്കാനായത്. അറസ്റ്റിലായ പ്രതിയെ ജാമ്യത്തിൽ വിട്ടു.