കോട്ടറോഡ് തകർന്നു: യാത്ര ദുഷ്കരം
1494971
Monday, January 13, 2025 11:52 PM IST
കരിമണ്ണൂർ: നിർദിഷ്ട മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയുടെ ഭാഗമായുള്ള കോട്ടറോഡ് തകർന്ന് ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. കരിമണ്ണൂർ-ഉടുന്പന്നൂർ പഞ്ചായത്ത് പ്രദേശത്തെ റോഡാണ് പ്രധാനമായും തകർന്നത്. റോഡിന്റെ റീ ടാറിംഗ് നടത്തിയിട്ട് വർഷങ്ങളായി.
സ്കൂൾ ബസുകളടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി ദിവസവും സഞ്ചരിക്കുന്നത്. പലയിടത്തും വൻഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. ഇരു ചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെ ജർമൻ സാന്പത്തിക സഹായത്തോടെ ഉന്നതനിലവാരത്തിൽ പാതയുടെ നിർമാണം പൂർത്തീകരിച്ചെങ്കിലും ശേഷിക്കുന്ന ഭാഗത്തെ നിർമാണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
പെരുമാങ്കണ്ടം മുതൽ മുസ്ലിംപള്ളി കോട്ടക്കവല വരെയുള്ള ഭാഗത്തെ കൈയേറ്റം അളന്നുതിരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.
സർവേ ഉദ്യോഗസ്ഥരുടെ അഭാവമാണ് ഇതിനു തടസമെന്നാണ്് അധികൃതർ നൽകുന്ന സൂചന. പ്രഖ്യാപനം നടത്തി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പാതയുടെ നിർമാണം പൂർത്തീകരിക്കാൻ കഴിയാത്തതിൽ പ്രതിഷേധം ശക്തമാണ്.