മകരവിളക്ക് ദർശനം: ഒരുക്കങ്ങൾ പൂർണം
1494975
Monday, January 13, 2025 11:53 PM IST
തൊടുപുഴ: ഇന്ന് മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർണതോതിൽ സജ്ജമായതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലാണ് ജില്ലയിൽ മകരജ്യോതി കാണാൻ കഴിയുന്ന പ്രദേശങ്ങൾ. ഇവിടെ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് , സബ്കളക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി. ജേക്കബ് എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ച് ക്രമീകരണം വിലയിരുത്തി.
സുരക്ഷയ്ക്കായി എട്ട് ഡിവൈഎസ്പിമാർ, 19 ഇൻസ്പെക്ടർമാർ, 1200 പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. പുറമെ 150 പ്രത്യേക ഉദ്യോഗസ്ഥർക്കും ചുമതല നൽകി. ബാരിക്കേഡുകളും സ്ഥാപിച്ചതിനു പുറമേ ഓരോ ജംഗ്ഷനുകളിലും കൂടുതൽ പോലീസിനെയും നിയോഗിച്ചു. 40 അസ്ക ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
മകരവിളക്ക് ദർശനശേഷം പുല്ലുമേട്ടിൽനിന്നു സന്നിധാനത്തേക്ക് പോകാൻ തീർഥാടകരെ അനുവദിക്കില്ല. കുമളി, പീരുമേട് , വണ്ടിപ്പെരിയാർ ഭാഗങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി തേനി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കോഴിക്കാനം പുല്ലുമേട് പാതയിൽ മാത്രം 365 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
ഗവി റൂട്ടിൽ മകരവിളക്ക് കാണുന്നതിനായി വനത്തിനുള്ളിലെ അപകടകരമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നതു തടയാൻ പോലീസും വനംവകുപ്പും സംയുക്ത പരിശോധന നടത്തും.
കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. കാനന പാതയിൽ അയ്യപ്പഭക്തരുടെ സുഗമമായ സഞ്ചാരത്തിന് ആർആർടി സംഘത്തെ നിയോഗിച്ചു. ഓരോ കിലോമീറ്ററിലും വനംവകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സത്രം ഭാഗത്ത് സീറോ പോയിന്റ്, പുല്ലുമേട് എന്നിവിടങ്ങളിൽ ഇക്കോ ഗാർഡിന്റെ സേവനം ഉറപ്പാക്കും. വളഞ്ഞങ്ങാനം, കുട്ടിക്കാനം എന്നിവിടങ്ങളിൽ അധിക ശുചിമുറികൾ സ്ഥാപിച്ചു. കുമളിയിലും വണ്ടിപ്പെരിയാറിലും കണ്ട്രോൾ റൂം തുറന്നു. അപകടമേഖലയിൽ ദിശാസൂചനാ ബോർഡുകൾ, ഉറപ്പുള്ള ക്രാഷ് ഗാർഡുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ, കുമളി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ അഞ്ച് പോയിന്റുകളിൽ ഫയർഫോഴ്സ് യൂണിറ്റ് സജ്ജമാണ്. പുല്ലുമേട് സീതക്കുളം എന്നിവിടങ്ങളിൽ രണ്ട് യൂണിറ്റ് സഫാരി ഫയർ യൂണിറ്റിന്റെ ലഭ്യതയും ഉറപ്പാക്കി. പുല്ലുമേട്ടിൽ താത്കാലിക മൊബൈൽ ടവറും സ്ഥാപിച്ചു.
മകരവിളക്ക് ദിവസം കുമളി-കോഴിക്കാനം റൂട്ടിൽ രാവിലെ ആറു മുതൽ വെകുന്നേരം നാലു വരെ 50 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. പുല്ലുമേട്ടിൽ മെഡിക്കൽ ക്യാന്പ് ആരംഭിച്ചതു കൂടാതെ കുമളി, വണ്ടിപ്പെരിയാർ ആരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂർ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും. രണ്ട് കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് സേവനവും ഉറപ്പാക്കിയിട്ടുണ്ട് .
പാഞ്ചാലിമേട്, സത്രം, വള്ളക്കടവ് ഭാഗങ്ങളിൽ കടകളിൽ പരിശോധനയും ലഹരിമരുന്നുകളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധനയും പട്രോളിംഗും ശക്തമാക്കി. കുമളി, സത്രം, വണ്ടിപ്പെരിയാർ, പാന്പനാർ എന്നീ സ്ഥലങ്ങളിലെ എല്ലാ കടകളിലും വിലവിവരപ്പട്ടിക വിവിധ ഭാഷകളിൽ പ്രിന്റ് ചെയ്ത് പതിപ്പിച്ചിട്ടുണ്ട്. കൂടാതെ സംയുക്ത സ്ക്വാഡ് പരിശോധന നടത്തുന്നുണ്ടെന്നും റേഷൻ കടകളിൽ 10 രൂപ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.