കൃഷിഭൂമി വനമാക്കാൻ കരട് വിജ്ഞാപനമിറക്കി
1494969
Monday, January 13, 2025 11:52 PM IST
കട്ടപ്പന: വനം വകുപ്പിന്റെ "കണ്ണുകെട്ടിക്കളി’ വീണ്ടും. ഉടുന്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിൽ ബ്ലോക്ക് നന്പർ ആറിൽ 290.35 ഹെക്ടർ ഭൂമി സംരക്ഷിത വനമാക്കാൻ വനംവകുപ്പ് കരട് വിജ്ഞാപനമിറക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് 2021 മാർച്ച് 24നാണ് കരട് വിജ്ഞാപനമിറക്കിയത്.
ജനങ്ങളെ അന്ധന്മാരാക്കി കാര്യം നടത്താനുള്ള വനംവകുപ്പിന്റെ ആസൂത്രിത നീക്കം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2021 മാർച്ച് 24ന് ജി.ഒ. (പി) നന്പർ. 14/ 2021 / വനം, എസ്ആർഒ നന്പർ 318/ 2021 ആയുള്ള കേരള സർക്കാർ വിജ്ഞാപനത്തിൽ സൂര്യനെല്ലി റിസർവ് എന്ന പേരിൽ ഒരു റിസർവ് വനമാക്കാൻ ഉദ്ദേശിക്കുന്നുവെന്നു പ്രഖ്യാപിക്കുകയും ഇതിനായി ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസറെ നിയമിക്കുകയും ചെയ്തു. മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലെ ദേവികുളം ഫോറസ്റ്റ് റേയ്ഞ്ചിൽ റീ സർവേ നന്പർ 60ൽപെട്ട ബ്ലോക്കു നന്പർ ആറിലെ 290. 35 ഹെക്ടർ സ്ഥലമാണ് റിസർവ് വനമാക്കാൻ വനം വകുപ്പ് കരടു വിജ്ഞാപനമിറക്കിയിരിക്കുന്നത്.
കൃഷിഭൂമി പിടിച്ചെടുത്ത് വനമാക്കി മാറ്റി ഇടുക്കിയിൽനിന്നു കർഷകരെ കുടിയിറക്കാനുള്ള ആസൂത്രിത നീക്കമാണ് ഇടതുസർക്കാർ നടത്തുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആരോപിച്ചു. പിണറായി സർക്കാർ ജില്ലയിൽ നാലു റിസർവ് വനങ്ങൾ വിജ്ഞാപനം ചെയ്തത് കൂടാതെയാണ് ഉടുന്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിൽ 290.35 ഹെക്ടർ ഭൂമി സംരക്ഷിത വനമാക്കാൻ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. കൃഷിഭൂമിയും സ്വകാര്യ തോട്ടങ്ങളും ഉൾപ്പെടെയാണ് വനമാക്കിമാറ്റുന്നത്. എം.എം. മണി മന്ത്രിയായിരുന്ന കാലയളവിലാണ് സൂര്യനെല്ലി റിസർവ് എന്ന പേരിൽ ഈ പ്രദേശം സംരക്ഷിത വനമാക്കി വിജ്ഞാപനം ഇറക്കിയതെന്ന് ബിജോ മാണി ചൂണ്ടിക്കാട്ടി.
2021 ജൂലൈ 27ന് വിജ്ഞാപനം ചെയ്ത കുമളി റേഞ്ച് ഓഫീസ് കോന്പൗണ്ട് റിസർവ്, 2022 മേയ് 10ന് വിജ്ഞാപനം ചെയ്ത ചെങ്കുളം റിസർവ്, 2023 സെപ്റ്റംബർ 20ന് വിജ്ഞാപനം ചെയ്ത ചിന്നക്കനാൽ റിസർവ്, 2024 ഫെബ്രുവരി 27ന് വിജ്ഞാപനം ചെയ്ത ആനയിറങ്കൽ റിസർവ് എന്നിവയാണ് പിണറായി സർക്കാർ ജില്ലയിൽ പ്രഖ്യാപിച്ച മറ്റ് സംരക്ഷിത വനങ്ങൾ. ജില്ലയിലെ വനവിസ്തൃതി വർധിപ്പിച്ച് കാർഷിക മേഖലയിലും വനനിയമം നടപ്പിലാക്കുകയാണ് സർക്കാർ.
ഒരിഞ്ച് പോലും വനവിസ്തൃതി വർധിപ്പിക്കാൻ അനുവദിക്കില്ലന്ന് പ്രസംഗിച്ച എം.എം. മണി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ജില്ലയിൽ അഞ്ചു പുതിയ റിസർവ് വനങ്ങൾ പിണറായി സർക്കാർ വിജ്ഞാപനം ചെയ്തപ്പോൾ എവിടെയായിരുന്നുവെന്ന് വ്യക്തമാക്കണം. വനവിസ്തൃതി വർധിപ്പിച്ചും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിത അധികാരം നൽകുന്ന നിയമഭേദഗതി കൊണ്ടുവന്നും വന്യജീവി ശല്യം തടയാൻ നടപടി സ്വീകരിക്കാതെയും കർഷകരെ കുടിയൊഴിപ്പിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് സർക്കാർ നടത്തുന്നത്.
സർക്കാർ കോടതിയിൽ മൗനം പാലിച്ച് പട്ടയവിതരണം നിർത്തിവയ്ക്കാനുള്ള ഉത്തരവ് വാങ്ങിയത് ഇതിന്റെ ഭാഗമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അഴിഞ്ഞടാനുള്ള ഇടമായി ഇടുക്കിയെ മാറ്റാനാണ് സർക്കാർ നീക്കമെന്നും ജില്ലയിലെ ഇടതുനേതാക്കൾ ഇതിന് ഒത്താശ ചെയുകയാണന്നും ബിജോ മാണി പത്രസമ്മേളനത്തിൽ ആരോപിച്ചു.
പത്ര സമ്മേളനത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുമൂട്ടിൽ, യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവരും പങ്കെടുത്തു.
സൂര്യനെല്ലി റിസർവ് അതിർത്തി
വടക്ക് - കണ്ണൻദേവൻ ഹിൽസ് വില്ലേജിലെ ബ്ലോക്ക് നന്പർ 34, കിഴക്ക്- തമിഴ്നാട്ടിലെ തേനി ജില്ലയിലെ റിസർവ് ഫോറസ്റ്റ്, തുടർന്ന് തമിഴ് നാട്ടിലെ കൊളുക്കുമലൈ തേയിലത്തോട്ടം. തുടർന്ന് ചിന്നക്കനാൽ വില്ലേജിലെ ബ്ലോക്ക് നം. ഏഴിൽപ്പെട്ട റവന്യു പുറന്പോക്ക് ഭൂമി (തിപ്പട്ടമലയും പാപ്പാത്തിഷോലയും). തെക്ക് - ഹാരിസണ് മലയാളം പ്ലാന്റേഷൻ (റീസർവേ നം 62), തുടർന്ന് റവന്യു പുറന്പോക്ക് ഇപ്പോൾ വിവിധ ആളുകളുടെ കൈവശത്തിൽ (റീ സർവേ നം 61) പടിഞ്ഞാറ്- ഹാരിസൻ മലയാളം പ്ലാന്റേഷൻ (റീസർവേ നം. 58) തുടർന്ന് റവന്യൂ പുറന്പോക്ക് (റീ സർവേ നം.57).