കലുങ്ക് നിർമാണം ഇഴയുന്നു; ഭീഷണിയായി റോഡിലെ കുഴി
1494727
Sunday, January 12, 2025 11:37 PM IST
തൊമ്മൻകുത്ത്: നെയ്യശേരി-തൊക്കുന്പൻസാഡിൽ റോഡ് നിർമാണം ഇഴയുന്നതായി വീണ്ടും ആരോപണം ഉയരുന്നു. കലുങ്ക് നിർമാണത്തിനായി റോഡിന്റെ ഒരുഭാഗം പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതുവരെയും ഇവിടെ കലുങ്ക് നിർമാണം പൂർത്തിയായിട്ടില്ല. കുഴിയിൽ വെള്ളം നിറഞ്ഞ് അപകടാവസ്ഥയിലായിട്ട് നാളുകളായി. സ്വകാര്യബസുകളടക്കം നൂറുകണക്കിനു വാഹനങ്ങഴളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
തൊമ്മൻകുത്ത് വിനോദസഞ്ചാര കേന്ദ്രത്തിലേക്കും നൂറുകണക്കിനു വാഹനങ്ങളാണ് എത്തുന്നത്. രാത്രി സമയങ്ങളിൽ ഡ്രൈവർമാർക്ക് കുഴി ശ്രദ്ധയിൽപ്പെടാറുമില്ല. റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള ടാറിംഗ് ജോലികൾ അന്തിമഘട്ടത്തിലാണ്.
എന്നാൽ വീതികുറഞ്ഞ വലിയവളവുള്ള ഭാഗത്തെ റോഡ് കലുങ്ക് നിർമാണത്തിനായി പൊളിച്ചിട്ട് മാസങ്ങൾ പലതുകഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
അടിയന്തരമായി കലുങ്ക് നിർമാണം പൂർത്തീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കെഎസ്ടിപിയും നിർമാണ കന്പനിയും പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് പഞ്ചായത്തംഗം ബിബിൻ അഗസ്റ്റിൻ പറഞ്ഞു.