പാമ്പാടുംപാറയിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
1495383
Wednesday, January 15, 2025 6:26 AM IST
നെടുങ്കണ്ടം: കുമളി-മൂന്നാർ സംസ്ഥാനപാതയിൽ പാമ്പാടുംപാറയ്ക്ക് സമീപം ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പാമ്പാടുംപാറ സ്വദേശി സുദർശനാണ് പരിക്കേറ്റത്. ഇയാളെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. എറണാകുളത്തുനിന്നു നെടുങ്കണ്ടത്തേക്ക് പാഴ്സലുമായി പോയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അൻപതടി താഴ്ചയിലേക്ക് മറിഞ്ഞ വാഹനം ഭാഗികമായി തകർന്നു. പാമ്പാടുംപാറ എസ്റ്റേറ്റിനു സമീപം കൊടുംവളവുകളുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്.
വിനോദസഞ്ചരികളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ പാതയായിട്ടും അപകടസാധ്യതയുള്ള ഭാഗങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിട്ടില്ല. മുൻപും ഇതേ ഭാഗത്ത് ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. സംസ്ഥാനപാതയിൽ അപകടസാധ്യതയുള്ളഭാഗങ്ങൾ സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.