തങ്കമണി ഇൻഡോർ സ്റ്റേഡിയത്തിന് 1.50 കോടി: മന്ത്രി റോഷി
1494468
Saturday, January 11, 2025 11:22 PM IST
ഇടുക്കി: തങ്കമണിയിൽ ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിനു 1.50 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ. കാമാക്ഷി പഞ്ചായത്ത് ഓഫീസിന് സമീപത്തായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. 30 മീറ്റർ നീളവും 20മീറ്റർ വീതിയുമുള്ള സ്ഥലത്ത് വോളിബോൾ കോർട്ട് ക്രമീകരിക്കും.
ആദ്യഘട്ടത്തിൽ 200ലധികം ആളുകൾക്ക് ഇരിപ്പിടം ക്രമീകരിക്കാനാകും. മഴക്കാലത്തും മത്സരം സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിൽ ജിഐ റൂഫിംഗോടു കൂടിയാണ് സ്റ്റേഡിയം നിർമിക്കുന്നത്. തറ സോളിഡ് ബ്ലോക്കുകൾ പതിപ്പിച്ച് ബലവത്താക്കും. സ്റ്റേഡിയത്തിന് 2023-24 ബജറ്റിൽ തുക അനുവദിച്ചിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം മുഖേനയാണ് നിർമാണം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് ഒട്ടേറെ കായികതാരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ജില്ലയാണ് ഇടുക്കി. കഴിഞ്ഞ ദിവസം ബിഹാറിലെ റാഞ്ചിയിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിലും കാമാക്ഷി പഞ്ചായത്തിലെ കാൽവരി മൗണ്ട് സ്വദേശിനി ജോബിന സ്വർണം നേടിയിരുന്നു. ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്ന സർക്കാർ നിലപാട് പ്രാവർത്തികമാക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇതിനാവശ്യമായ സ്ഥലം കണ്ടെത്തി നൽകുന്നതിന് പഞ്ചായത്തുകൾക്ക് കഴിയാതെ വരുന്നതുമൂലം പലപ്പോഴും പദ്ധതികൾ തടസപ്പെടുന്നതിനു കാരണമാകുന്നുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനു ടർഫ് കോർട്ടുകൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പഞ്ചായത്ത് തലത്തിൽ നടപ്പാക്കിവരുന്നതായും മന്ത്രി അറിയിച്ചു.