നഗരത്തിൽ നായ്ക്കളുണ്ട്: സൂക്ഷിച്ചാൽ കടിയേൽക്കില്ല
1494465
Saturday, January 11, 2025 11:22 PM IST
തൊടുപുഴ: പാതയോരങ്ങളിലും ജംഗ്ഷനുകളിലും തെരുവ് നായ്ക്കളും വളർത്ത് നായ്ക്കളും അലഞ്ഞുതിരിയുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നു. തെരുവു നായ്ക്കളുടെയും വളർത്തു നായ്ക്കളുടെയും ആക്രമണത്തിൽ പരിക്കേറ്റ് ഒട്ടേറെ പേരാണ് ജില്ലയുടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. എന്നാൽ നായ്ക്കളുടെ ആക്രമണം തുടരുന്പോഴും ത്രിതല പഞ്ചായത്തുകളും മറ്റ് വകുപ്പുകളും നോക്കുകുത്തിയായി മാറി നിൽക്കുകയാണ്. നായ്ക്കളെ പിടി കൂടി വന്ധ്യംകരണം നടത്താനുള്ള എബിസി പദ്ധതിയും ജില്ലയിൽ നിലച്ചതിനാലാണ് ഇത്രയധികം നായ്ക്കൾ പെരുകാൻ കാരണമായത്.
തെരുവ്, വളർത്തുനായ്ക്കളുടെ ആക്രമണങ്ങൾ തടയണം എന്നാവശ്യപ്പെട്ട് ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങൾ, താലൂക്ക് വികസനസമിതികൾ, മൃഗ സംരക്ഷണം, ജില്ലാ കളക്ടറുടെ ഓഫീസ് എന്നിവിടങ്ങളിലായി നിരവധി പരാതികളാണ് അധികൃതരുടെ മുന്നിൽ കെട്ടിക്കിടക്കുന്നത്. തൊടുപുഴ നഗരത്തിലെ അതിരൂക്ഷമായ നായശല്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ഒരു വർഷം മുൻപ് ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
തൊടുപുഴയിൽ കോതായിക്കുന്ന്, മങ്ങാട്ടുകവല ബസ് സ്റ്റാൻഡ്, ടൗണ് ഹാൾ മേഖല, നഗരസഭ മൈതാനം, പഴയ ബസ് സ്റ്റാൻഡ് മൈതാനം, ലോറി സ്റ്റാൻഡ്, നഗരത്തിലെ വിവിധ ബസ് സ്റ്റോപ്പുകൾ, പുഴയോരം ബൈപാസ്, മിനി സിവിൽ സ്റ്റേഷൻ പരിസരം, ജില്ലാ ആശുപത്രി പരിസരം തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം അതി രൂക്ഷമാണ്. ആളുകൾക്ക് നേരേ ഉച്ചത്തിൽ കുരച്ച് പാഞ്ഞടുക്കുന്നതും പതിവ് കാഴ്ചകളാണ്.
തെരുവ് നായ്ക്കളെ പിടി കൂടുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കുടുംബശ്രീയിൽനിന്നു തെരഞ്ഞെടുത്ത രണ്ടുപേരെ നിയമിച്ച് അവർക്ക് പരിശീലനങ്ങളും നൽകിയിരുന്നു. എന്നാൽ, ചില തദ്ദേശ സ്ഥാപനങ്ങളുടെ താത്പര്യക്കുറവു മൂലം ഇവരുടെ സേവനം കൃത്യ മായി ലഭിക്കാത്ത അവസ്ഥയാണ്. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസ് എടുക്കണമെന്നുള്ള സർക്കാർ നിർദേശങ്ങളും പല തദ്ദേശ സ്ഥാപനങ്ങളിലും കൃത്യമായി നടപ്പാക്കുന്നില്ല.
ഓരോ മാസവും നൂറു കണക്കിന് പേർ നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. ജില്ലയിൽ നായ്ക്കളുടെ കടിയേൽക്കുവരുടെ എണ്ണം വർധിക്കുന്പോഴും ഇവിടെ തുടങ്ങാനുദ്ദേശിച്ച എബിസി സെന്ററിന്റെ നിർമാണം ഇതു വരെയും ആരംഭിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ സ്ഥലമാണ് സെന്റർ സ്ഥാപിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന് വിട്ടുനൽകിയത്. ഇവിടുത്തെ മരങ്ങൾ വെട്ടിനീക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും കെട്ടിട നിർമാണം ആരംഭിച്ചിട്ടില്ല.